നിലമ്പൂരില്‍ ജയിക്കുന്നത് ഒരാളായിരിക്കില്ല; തോല്ക്കുന്നതും, ആര്യാടന് ഷൗക്കത്ത് ഗോളടിച്ചാല്‍ അന്‍വര്‍ വീഴും
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലം പിടിക്കാന്‍ വീണ്ടും ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് കളത്തിലറക്കിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ശക്തമായ പോരാട്ടത്തിനാണ് ഏറനാടിന്റെ മണ്ണ് സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പായി കഴിഞ്ഞു. ഇടതുപക്ഷം എന്തിന് ഇത്ര ആലോചിക്കുന്നു, നാട്ടുകാരനായ എം സ്വരാജിനെ ഇറക്കി പോര് കൊഴുപ്പിക്കൂ എന്ന 'മൂപ്പിക്കല്' ഒരുഭാഗത്ത് നടക്കുന്നുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ മൊത്തം നിലമ്പൂരിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഓരോ നിമിഷവും മാറി മറിയുകയാണ് നിലമ്പൂരിലെ രാഷ്ട്രീയ വിശേഷങ്ങള്‍. പിവി അന്‍വറിന്റെ വാചക കസര്‍ത്താണ് നിലമ്പൂരിനെ സജീവമാക്കുന്നത്. അതുകൊണ്ടുതന്നെ ജൂണ്‍ 19ന് വിധിയെഴുതി നാലാം ദിനം ഫലം വരുമ്പോള്‍ നിലമ്പൂരില്‍ വിജയിക്കുന്നത് ഒരാളാകില്ല, ഒരുപാട് പേരുണ്ടാകുമെന്ന് ഉറപ്പായി.

ആഭ്യന്തര വകുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പിവി അന്‍വര്‍ ഇടതു പാളയത്തില്‍ പട തുടങ്ങിയതിന്റെ പര്യവസാനമായിരുന്നു എംഎല്‍എ പദവി രാജിവയ്ക്കല്‍. കൊമ്പുകോര്‍ത്തത് വമ്പന്മാരോടാണ് എന്ന് ബോധ്യമുള്ള അന്‍വര്‍ പിന്നീട് നില്ക്കാന് സ്ഥലം പരതിയപ്പോള്‍ താങ്ങായത് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസാണ്. കൊല്‍ക്കത്തയില്‍ നിന്ന് തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിച്ച് പിവി അന്‍വര്‍ ആദ്യം കാഞ്ചിവലിച്ചതാകട്ടെ യുഡിഎഫിന്റെ നെഞ്ചത്തേക്കും.
ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകണം എന്നായിരുന്നു അന്‍വറിന്റെ പരസ്യപ്രകടനം. മണ്ഡലം കിനാകണ്ട് നടക്കുന്ന ആര്യാടന് ഷൗക്കത്തിനെ ചവിട്ടാനും അന്‍വര്‍ മറന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് നേതൃത്വം കൊച്ചിയിലും എഐസിസി നേതൃത്വം ഡല്‍ഹിയിലും ചര്‍ച്ച നടത്തി നറുക്കിട്ടെടുത്തത് ആര്യാടന് ഷൗക്കത്തിന്റെ പേരാണ്.
അതോടെ വീണ്ടും പരസ്യമായി ഷൗക്കത്തിനെതിരെ ആഞ്ഞടിച്ചു അന്‍വര്‍. ജോയിക്ക് വേണ്ടി വീണ്ടും വാദങ്ങള്‍ നിരത്തി. രാജിവച്ച് തിരഞ്ഞെടുപ്പിന് കളമൊരുക്കിയ തന്നെ യുഡിഎഫ് തീര്‍ത്തും അവഗണിക്കുകയാണ് എന്നായി പരാതി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്ന് പറഞ്ഞ അന്‍വര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കുറ്റപ്പെടുത്താനും മറന്നില്ല. ഇനി ഷൗക്കത്ത് ജയിച്ചാല്‍ വലിയ തിരിച്ചടി അന്‍വറിനാകും. ചിരിക്കാനും പരിഹസിക്കാനും ഒരുപാട് പേര് ഒത്തുകൂടുകയും ചെയ്യും.
കോണ്‍ഗ്രസിന്റെ ഭാഗത്ത് ന്യായമുണ്ട്, അന്‍വറിന്റേയും
യുഡിഎഫിനൊപ്പം നില്ക്കാന് ആഗ്രഹിക്കുന്ന അന്‍വര്‍ എന്തുകൊണ്ട് മുന്നണിയുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നില്ല എന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ ഉന്നയിച്ചത്. പറ്റില്ലെങ്കിലും പണി നോക്ക് എന്ന മട്ടില്‍ വിഡി സതീശനും പ്രതികരിച്ചു. യുഡിഎഫില്‍ എടുക്കുമോ ഇല്ലയോ എന്നറിയാതെ പടിവാതിലില്‍ നില്ക്കുന്ന അവസ്ഥയിലായി അന്‍വര്‍. നിക്കണോ, പോണോ എന്ന് വേഗം പറയണമെന്നും തന്റേതായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും അന്‍വര്‍ സ്വരം കടുപ്പിച്ചു.
ഒറ്റയ്ക്ക് നിന്നാല്‍ എവിടെയും എത്തില്ല എന്ന് ബോധ്യമുള്ള അന്‍വര്‍ പക്ഷേ, യുഡിഎഫിന് മറ്റൊരു 'അവസരം' കൂടി പ്രഖ്യാപിച്ചു. കെസി വേണുഗോപാല്‍ പറയട്ടെ എന്നായി അദ്ദേഹം. കെസിയുമായുള്ള ചര്‍ച്ചയിലാണ് അന്‍വര്‍ പ്രതീക്ഷ വയ്ക്കുന്നത്. കേരള രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിക്ക് അവസരം തേടുന്ന കെസി വീണ്ടും സ്റ്റാര്‍ ആയി. പന്ത് കെസിയുടെ ക്വാര്‍ട്ടിലാണ്. കോണ്‍ഗ്രസിന് തിളങ്ങാന്‍ അവസരം കൊടുത്തത് താനല്ലേ എന്ന ന്യായം അന്‍വറിന്റെ ഭാഗത്തുമുണ്ട്. ഇതിനിടയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നു പറയാനും സാധിക്കില്ല.
അന്‍വറിന് പാളിയത് അവിടെ
താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥിയെ രഹസ്യമായി നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താതെ പരസ്യമായി പ്രഖ്യാപിച്ചതാണ് അന്‍വറിന് പറ്റിയ ആദ്യ അമളി. വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അന്‍വറിന് കീഴടങ്ങി എന്ന വിമര്‍ശനം നേരിടേണ്ടി വരുമെന്ന തലപുകച്ചിലായി യുഡിഎഫ് നേതൃത്വത്തിന്. വിഎസ് ജോയിക്ക് കിട്ടിയേക്കാവുന്ന അവസരം അന്‍വറിന്റെ പരസ്യപ്രഖ്യാപനത്തിലൂടെ നഷ്ടമായി എന്ന് വിലയിരുത്തുന്നവരുമുണ്ട്.
മലബാറില്‍ കാലിനടിയില്‍ നിന്ന് ഒലിച്ചുപോയ മണ്ണ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയ അവസരമാണിത്. പിവി അന്‍വര്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ഇതില്‍ രമ്യമായ പരിഹാരം കാണുന്നതിന് നേതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ മലബാര്‍ മേഖല പതിവ് പോലെ സിപിഎം, മുസ്ലിം ലീഗ് തട്ടകമായി തുടരും. സമവായം കണ്ടെത്തുന്നതില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള മെയ് വഴക്കം വിഡി സതീശന് കണ്ടുപഠിക്കണം എന്ന അടക്കം പറച്ചില് ഒരുഭാഗത്തുണ്ട്.
നിലമ്പൂര്‍ വ്യത്യസ്തമാകുന്നത് ഇങ്ങനെ
പിവി അന്‍വര്‍ തന്ത്രത്തില്‍ നീങ്ങേണ്ടിയിരുന്നു എന്നത് പ്രധാനമാണ്. കോണ്‍ഗ്രസ് നേതൃത്വം ചേര്‍ത്തുനിര്‍ത്തുന്നതില്‍ മികവ് കാണിക്കുകയും വേണം. സമീപകാലത്ത് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളും ഇരുമുന്നണികളുടെയും കോട്ടകളാണ്. പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാട്ടും ചേലക്കരയിലും സിറ്റിങ് കക്ഷികള്‍ തന്നെ ജയിച്ചുകയറുകയും ചെയ്തു. എന്നാല്‍ നിലമ്പൂര്‍ വ്യത്യസ്തമാണ്. യുഡിഎഫിനോട് അനുഭാവം പ്രകടിപ്പിക്കുന്ന നിലമ്പൂര്‍ നാല് തവണ ഇടത്തോട്ടും ചാഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നിലമ്പൂരിലേത് സര്‍ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമെന്ന് പറയുന്നത്.
ഫലത്തില്‍ ഇടതുപക്ഷത്തിന്റെ സിറ്റിങ് മണ്ഡലമാണ് നിലമ്പൂര്‍. അത് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ സിപിഎമ്മിന് തിരിച്ചടിയാകും. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. തിരിച്ചുപിടിക്കാന്‍ എല്ലാ അവസരം കിട്ടിയിട്ടും നഷ്ടപ്പെടുത്തിയാല്‍ യുഡിഎഫിന് മുന്നിലും ചോദ്യങ്ങളുയരും. അതിനിടെ ഒരുഭാഗത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബിജെപിയോ ബിഡിജെഎസോ സ്ഥാനാര്‍ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്.
പിതാവിന്റെ പാരമ്പര്യം തുടരാന്‍ എത്തിയ ആര്യാടന് ഷൗക്കത്ത്, താനില്ലെങ്കില്‍ വീഴുമെന്ന് ബോധിപ്പിക്കാന്‍ നില്ക്കുന്ന അന്‍വര്‍, എല്ലാം സ്വന്തമായി നോക്കാമെന്ന നിലപാടുള്ള വിഡി സതീശന്, ട്രബിള്‍ ഷൂട്ടറാകാനുള്ള കെസി വേണുഗോപാല്‍, മൂന്നാമൂഴം തേടുന്ന പിണറായി വിജയന്... അങ്ങനെ നിലമ്പൂരില്‍ വിജയിക്കാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്. തോല്ക്കാന് സാധ്യതയുള്ളവരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications