സ്വരാജിന് കിട്ടുക വെറും 35,000 വോട്ട് മാത്രം, ഷൗക്കത്ത് രണ്ടാമത്, നിലമ്പൂരിലെ ഭൂരിപക്ഷം പ്രവചിച്ച് പിവി അൻവർ
നിലമ്പൂര്‍: ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി ഫലം വരുന്ന തിങ്കളാഴ്ച വരെ കൂട്ടലിന്റെയും കിഴിക്കലിന്റെയും സമയമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫിന്റെ എം സ്വരാജും സ്വതന്ത്രനായ പിവി അന്‍വറും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. 15000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍.
എന്നാല്‍ ഭൂരിപക്ഷം പ്രവചിക്കാന്‍ എല്‍എഡിഎഫ് ക്യാമ്പോ എം സ്വരാജോ തയ്യാറല്ല. തങ്ങള്‍ മികച്ച വിജയം നേടും എന്ന് മാത്രമാണ് സ്വരാജും ഇടത് നേതാക്കളും പറയുന്നത്. മറ്റൊരു വശത്ത് പിവി അന്‍വറാകട്ടെ ആളെക്കൂട്ടി കാല്‍നടയായി തിരുവനന്തപുരത്തേക്ക് സത്യപ്രതിജ്ഞയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നു. മാത്രമല്ല തനിക്ക് ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷവും ഇടത്-വലത് മുന്നണികള്‍ക്ക് ലഭിക്കാവുന്ന വോട്ടും പിവി അന്‍വര്‍ പ്രവചിച്ചിരിക്കുകയാണ്.

നൂറ് ശതമാനവും താന്‍ തന്നെ വിജയിക്കുമെന്ന് പിവി അന്‍വര്‍ ആവര്‍ത്തിക്കുന്നു. 75000 വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് പോളിംഗിന് മുന്‍പ് പറഞ്ഞത് ഇനിയും കൂടാനാണ് സാധ്യതയെന്ന് അന്‍വര്‍ പറയുന്നു. പഞ്ചായത്തുകളില്‍ പോയപ്പോള്‍ പ്രവര്‍ത്തകര്‍ പറയുന്നത് അവര്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലിയ റിസള്‍ട്ട് ഉണ്ടായിട്ടുണ്ട് എന്നാണ്. അവര്‍ ഇപ്പോഴാണ് അത് കാണുന്നത്. താന്‍ മുന്‍പേ കണ്ടിട്ടുണ്ട്. അതൊക്കെ കണക്ക് കൂട്ടിയാണ് 75000 വോട്ട് പിടിക്കുമെന്ന് പറഞ്ഞത്.
പോള്‍ ചെയ്ത ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടില്‍ ഒരു 10000 വോട്ട് എസ്ഡിപിഐ, ബിജെപി, നോട്ട് അങ്ങനെ പോകും. ബാക്കി വോട്ടുകളില്‍ സിപിഎമ്മിന് 35000 വോട്ട് മാത്രമേ ലഭിക്കുകയുളളൂ. യുഡിഎഫിന് 45000 വോട്ടും ലഭിക്കും. 30000 വോട്ടിന്റെ ഭൂരിപക്ഷം തനിക്ക് ലഭിക്കും. ഇവിടുത്തെ ട്രെന്‍ഡും തന്റെ മുന്‍പരിചയവും ഒക്കെ വെച്ചിട്ടുളള ഒരു കണക്കാണിത്. പിന്നെ ആളുകള്‍ ഒരിക്കലും ഒന്നായി പറ്റിക്കില്ലല്ലോ, പിവി അന്‍വര്‍ പറയുന്നു.
പിവി അന്‍വര്‍ രാജി വെച്ചത് ശരിയാണ് എന്നാണ് നിലമ്പൂരിലെ ജനം അടിവരയിട്ട് പറയുന്നത്. മന്ത്രിയാകാനൊക്കെ ആളുകള്‍ രാജി വെയ്ക്കാറുണ്ട്. താന്‍ രാജി വെച്ചത് അതിനല്ല.മത്സരിക്കാന്‍ പോലും ഇല്ലെന്ന് താന്‍ പറഞ്ഞതാണ്. മത്സരത്തിലേക്ക് പിടലി പിടിച്ച് പ്രതിപക്ഷ നേതാവ് തള്ളി വിട്ടതാണ്. താനൊരു ലാഭക്കച്ചവടത്തിനും ഇല്ല. ഇത് കൊണ്ട് മുഴുവന്‍ നഷ്ടമാണ്. താന്‍ ജനങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട് എന്ന് അവര്‍ക്ക് അറിയാം.ഈ തിരഞ്ഞെടുപ്പില്‍ തകര്‍ച്ചയുണ്ടാവുക സിപിഎമ്മിനാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നും ഇല്ല. അത് നിലമ്പൂരില്‍ മാത്രമല്ല, കേരളത്തിലാകെ ഉണ്ട്. പിണറായിസം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്ന ക്യാന്‍സറാണ്. അതിനെ വെട്ടി മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചില്ലെങ്കില്‍ തകര്‍ന്ന് തരിപ്പണം ആകും.. അത് കാണാനുളള ശേഷി കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്കില്ല, പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications