Nilambur Result: ഇടത് പഞ്ചായത്തുകളും യുഡിഎഫ് നേടും: ഞങ്ങളുടെ പ്രചരണം ജനം ഏറ്റെടുത്തു: സാദിഖലി തങ്ങൾ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ആദ്യ ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെ പാണക്കാട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വോട്ടെണ്ണൽ നടന്ന വഴിക്കടവ് പഞ്ചായത്തിൽ യു ഡി എഫ് ശക്തമായ മുന്നേറ്റം കൈവരിച്ചെന്നും മറ്റ് പഞ്ചായത്തുകളിലും സമാനമായ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണത്തിനെതിരായ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. അത് വോട്ടെണ്ണലില്‍ കൃത്യമായി പ്രതിഫലിക്കുകയും എല്ലാ പഞ്ചായത്തുകളിലും യു ഡി എഫിന് ഉജ്വല വിജയം ഉറപ്പാണ്. മറ്റു സംഘങ്ങൾ വിവിധ വിഷയങ്ങൾ ഉന്നയിച്ചെങ്കിലും, അവയൊന്നും മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയില്ല. നിലമ്പൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു ഡി എഫ് രാഷ്ട്രീയ മാത്രമാണ് ചർച്ച ചെയ്തത്. യു ഡി എഫ് മുന്നോട്ട് വെച്ച പ്രചരണം ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

യു ഡി എഫ് പ്രവർത്തകർ മണ്ഡലം മുഴുവൻ അപൂർവമായ ഐക്യവും ഉറച്ച ആത്മവിശ്വാസത്തോടെയുമാണ് പ്രവർത്തിച്ചത്. ഇത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഒരു യാത്ര പുറപ്പെടുന്നത് കൊണ്ടാണ് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു പ്രതികരണം നടത്തേണ്ടി വന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
നിലമ്പൂർ മണ്ഡലത്തിൽ യു ഡി എഫിന്റെ വിജയം ഉറപ്പാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. കൂടുതൽ വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവന്നതിനുശേഷം മറ്റ് വിശദാംശങ്ങൾ പങ്കുവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടെണ്ണല്‍ 9-ാം റൗണ്ടിലേക്ക് കടന്നതോടെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. എല്‍ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജനെതിരെ 6705 വോട്ടിന്റെ ലീഡാണ് യു ഡി എഫിന് ഇതുവരെ നേടാന്‍ സാധിച്ചത്. എണ്ണം 9 റൗണ്ടില്‍ ആദ്യ എട്ടിലും യു ഡി എഫ് സ്ഥാനാർത്ഥി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ 9-ാം റൗണ്ടില്‍ മാത്രമാണ് എം സ്വരാജിന് നേരിയ വോട്ടിനെങ്കിലും മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചത്. ഇരുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് അപ്പുറത്ത് പതിനായിരത്തിലേറെ വോട്ടുകള്‍ നേടിക്കൊണ് പിവി അന്‍വർ മികച്ച രീതിയുള്ള മുന്നേറ്റം നടത്തുകയാണ്. ബി ജെ പി സ്ഥാനാർത്ഥിക്ക് 4152 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.












Click it and Unblock the Notifications