'സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ട് ചെയ്തു, 10,000 വോട്ട് അധികം', താൻ പിടിച്ചത് എൽഡിഎഫിന്റെ വോട്ടെന്ന് പിവി അൻവർ
നിലമ്പൂരില്‍ താന്‍ പിടിച്ചത് യുഡിഎഫിന്റെ വോട്ടല്ല എല്‍ഡിഎഫിന്റെ വോട്ടാണെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ സ്വരാജിന് അനുകൂലമായി യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു. നിലമ്പൂരില്‍ താന്‍ പിടിച്ചത് പിണറായിസത്തിന് എതിരെയുളള വോട്ടാണെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിവി അന്‍വര്‍ പറയുന്നു.
അന്‍വറിന്റെ രാജിയാണ് ഉപതിരഞ്ഞെടുപ്പിന് വഴി തുറന്നത്. താന്‍ വിജയിക്കുമെന്നുളള പ്രവചനം ഫലിച്ചില്ലെങ്കിലും നിലമ്പൂരില്‍ തന്നെ എഴുതിത്തള്ളാന്‍ കഴിയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ പിവി അന്‍വര്‍ അടിവരയിട്ട് ഉറപ്പിക്കുന്നത്. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ല എന്നുളള കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാക്കുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തിന് മുകളില്‍ വോട്ട് അന്‍വര്‍ മണ്ഡലത്തില്‍ പിടിച്ചിട്ടുണ്ട്.

മന്ത്രിമാരും എംഎല്‍എമാരും എംപിമാരും തലകുത്തി മറിഞ്ഞിട്ടും താന്‍ പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ചു. ഇതില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. മലയോര കര്‍ഷകരുടെ വിഷയങ്ങള്‍ പരിഹരിക്കാതെ ആര്‍ക്കും സര്‍ക്കാരുണ്ടാക്കുക സാധ്യമല്ല. ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാനുളള ശക്തമായ നിലപാട് യുഡിഎഫ് സ്വീകരിച്ചാല്‍ അവര്‍ക്കൊപ്പം മുന്നോട്ട് പോകും. അല്ലെങ്കില്‍ ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണി ഉണ്ടാക്കി മുന്നോട്ട് പോകുമെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം യുഡിഎഫ് കണ്ണ് തുറന്ന് കാണാന്‍ തയ്യാറായാല്‍ അത് എല്ലാവര്‍ക്കും നല്ലതായിരിക്കും. പൊതുപ്രവര്‍ത്തനം താന്‍ തുടരും. അതിന് മന്ത്രിയോ എംഎല്‍എയോ ആകേണ്ട കാര്യമില്ല. ജനം കൂടെയുളള കാലത്തോളം രാഷ്ട്രീയപ്രവര്‍ത്തനം തുടരും. അത് തടയാന്‍ ഒരു പിണറായിക്കും കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് ആലോചിക്കാമെന്നും ഇപ്പോള്‍ പറയുന്നില്ല എന്നുമാണ് കെപിസിസി അധ്യക്ഷന്റെ വാക്കുകളോട് പിവി അന്‍വര്‍ പ്രതികരിച്ചത്.
നിലമ്പൂരിലേത് പിണറായിസവും ജനകീയിസവും തമ്മിലുളള പോരാട്ടമാണ്. താന്‍ പ്രതിനിധീകരിച്ചത് ജനകീയിസത്തെ ആണ്. യുഡിഎഫ് നേതൃത്വത്തോട് താന്‍ പറഞ്ഞത് നാല്‍പ്പതിനായിരം ഭൂരിപക്ഷം താന്‍ ഉണ്ടാക്കിത്തരാം, നിങ്ങളാരും അങ്ങോട്ട് വരേണ്ട. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് പ്രഖ്യാപിച്ചിട്ട് നിങ്ങള്‍ മടങ്ങിപ്പോയ്‌ക്കൊള്ളൂ, ഞാനേറ്റു എന്നാണ്. താന്‍ രാജി വെച്ചത് പിണറായിസത്തിന് എതിരെയാണ്. മൂന്നാമതും പിണറായി വരുന്നു എന്നുളള നരേഷനാണ് ഇവിടെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതല്ല ഇവിടുത്തെ വസ്തുത എന്ന് തെളിയിക്കാനാണ് രാജി വെച്ചത്. അത് മുഖവിലയ്ക്ക് എടുക്കേണ്ടവര്‍ എടുത്തില്ല. ഫൈനല്‍ റൗണ്ടില്‍ പിവി അന്‍വറിനും യുഡിഎഫിനും കിട്ടുന്ന വോട്ട് ആണ് ഇവിടുത്തെ പിണറായി വിരുദ്ധ വോട്ട്. 10000 ക്രോസ് വോട്ട് നടന്നിട്ടുണ്ട്. സ്വരാജ് തോറ്റമ്പി കിടക്കുകയായിരുന്നു. സ്വരാജിന് ഇപ്പോള്‍ കിട്ടിയതില്‍ ഒരു അയ്യായിരം വോട്ട് കുറയ്ക്കണം. അത് യുഡിഎഫിന് കിട്ടേണ്ട വോട്ടാണ് എന്നും പിവി അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications