'നിലമ്പൂരില്‍ ഹിന്ദു-മുസ്ലിം വികാരമുണ്ടായി', അന്‍വറിനെ അവഗണിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലമ്പൂരില്‍ ഹിന്ദു - മുസ്ലിം വികാരമുണ്ടായി എന്നും നിലമ്പൂരില്‍ കണ്ടത് മുസ്ലിം ലീഗിന്റെ വിജയമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ടെണ്ണല്‍ സമയത്തെല്ലാം അവിടെ ഉയര്‍ന്ന് മുസ്ലീം ലീഗിന്റെ കൊടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
'മുസ്ലീം ലീഗ് യു ഡി എഫിനെ ഹൈജാക്ക് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അഭിമാനകരമായ വോട്ട് നേടാന്‍ സ്വരാജിന് സാധിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞു. ഹിന്ദു വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. അന്‍വര്‍ അവഗണിക്കാനാവാത്ത ശക്തിയായി,' എന്നൊക്കെയാണ് വെള്ളാപ്പള്ളി നടേശന്റെ ഉപതിരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍.

ഇതാദ്യമായല്ല നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശം നടത്തുന്നത്. നേരത്തെയും ഹിന്ദു വേനാട്ടുകള്‍ സ്വരാജിന് ലഭിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അന്‍വര്‍ ഒരു ഫാക്ടറാകുമെന്നും 25000 വോട്ടുകള്‍ പിടിക്കുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് നിലമ്പൂര്‍ എസ്എന്‍ഡിപി യോഗം യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ വെള്ളാപ്പള്ളിയുടെ പരാമര്‍ശവും വിവാദമായിരുന്നു.
'മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണ്. നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍,' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11005 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. അതേസമയം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തന്റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലായി എന്നത് ശ്രദ്ധേയമാണ്.
ഏഴ് പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്. 19690 വോട്ട് നേടിയ അന്‍വറിന്റെ പ്രകടനവും നിര്‍ണായകമായി. എല്‍ ഡി എഫില്‍ നിന്നും യുഡിഎഫില്‍ നിന്നും ഗണ്യമായ വോട്ട് അന്‍വര്‍ പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications