നിലമ്പൂരിലെ വിരുന്നുകാര്‍ മടങ്ങി; അവര്‍ 2026ലെ അധികാരം പങ്കിടുന്ന തിരക്കിലാണ് എന്ന് അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയില്‍ കാട്ടാന ആക്രമണം. ആദിവാസി യുവാവ് ബില്ലി മരിച്ചു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. തോടിന് അടുത്തുവച്ചാണ് ബില്ലിക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. മൃതദേഹം കൊണ്ടുവരാന്‍ പോയ ഉദ്യോഗസ്ഥരുടെ ബോട്ട് കുത്തൊഴുക്കില്‍പ്പെട്ടു. നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഇരുട്ടുകുത്തി കടവ്. വാണയമ്പുഴ ഉന്നതിയിലെത്താന്‍ ഈ കടവ് കടക്കണം.
സംഭവത്തില്‍ പ്രതികരണവുമായി പിവി അന്‍വര്‍ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വന്യജീവി ആക്രമണം വലിയ വിഷയമായിരുന്നു. എന്നാല്‍ പ്രചാരണം കഴിഞ്ഞ്, തിരഞ്ഞെടുപ്പ് ഫലവും വന്ന് എല്ലാവരും മടങ്ങിയതോടെ പഴയ പോലെ ആയി എന്ന് അന്‍വര്‍ സൂചിപ്പിക്കുന്നു.

വിഷയത്തില്‍ വനംവകുപ്പിന്റെ അനാസ്ഥ ചര്‍ച്ച ചെയ്യപ്പെടണം. അതിന് മുമ്പ് മറ്റൊരു കാര്യം പറയണം എന്ന് സൂചിപ്പിച്ചാണ് അന്‍വര്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെ വിമര്‍ശിച്ചത്. വഴിക്കടവില്‍ അനന്തുവിന്റെ മൃതദേഹത്തിന് അരികില്‍ എത്തിയ വിരുന്നുകാര്‍ എവിടെ എന്ന് ചോദിച്ച അന്‍വര്‍, ജനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അവര്‍ മടങ്ങിയെന്നും പറയുന്നു.
അന്‍വറിന്റെ കുറിപ്പ് വായിക്കാം- കാട്ടാന അക്രമണത്തില്‍ വീണ്ടും നിലമ്പൂരില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. വാണിയമ്പുഴയിലെ ആദിവാസി യുവാവ് ബില്ലിയാണ് കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെയും സര്‍ക്കാറിന്റെയും അനാസ്ഥയും തണുപ്പന്‍ സമീപനവും ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്.പക്ഷേ അതിനെല്ലാം മുമ്പ് പറഞ്ഞു പോകേണ്ട മറ്റൊന്നുണ്ട്.
'വിരുന്നു വന്നവര്‍ നാളെ മടങ്ങും സ്വയം പ്രതിരോധത്തിനായി പോരാടുക' എന്ന നമ്മുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അന്വര്‍ത്ഥമായിരിക്കുകയാണ്.വഴിക്കടവില്‍ അനന്തുവിന്റെ മൃതദേഹത്തിന് അരികില്‍ എത്തിയ വിരുന്നുകാരെല്ലാം എവിടെ? നിഷ്‌കളങ്കരായ ഒരു ജനതയുടെ ദൗര്‍ബല്യങ്ങളെ മുതലെടുത്ത ശേഷം 2026 ലെ അധികാരസ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്ന തിരക്കിലാണ് അവരെല്ലാം.
രാത്രിയിലും പോലീസ് സ്റ്റേഷനു മുന്നില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്.വനവും വന്യജീവി അക്രമണങ്ങളും എല്ലാം അവര്‍ക്ക് അവരുടെ വിജയത്തിനുള്ള ഉപാധികള്‍ മാത്രമായിരുന്നു.അതിനപ്പുറം ആത്മാര്‍ത്ഥത ഈ വിഷയത്തില്‍ നിലമ്പൂരിലേക്ക് വിരുന്നു വന്നു മടങ്ങിയവര്‍ക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
എന്തായാലും എനിക്കങ്ങനെയല്ല. വനം വന്യജീവി വിഷയങ്ങളും വന്യജീവി ആക്രമണങ്ങളും മലയോര ജനതയെ ഒന്നാകെ ബാധിക്കുന്ന വിഷയമാണ്.വിരുന്നുകാര്‍ മടങ്ങട്ടെ നമ്മള്‍ നാട്ടുകാര്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും ആദിവാസി പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരാണെന്ന എന്റെ വാദം ശരിവെക്കുന്ന സംഭവമാണിത്.
ഇടവേളകളില്ലാതെ പോരാട്ടം തുടരും.
മരണപ്പെട്ട ബില്ലിക്ക് ആദരാഞ്ജലികള്‍.












Click it and Unblock the Notifications