ഷാഫിയുടെ മുഖത്ത് ലൈറ്റടിച്ചു,പെട്ടിതുറക്കാൻ ആജ്ഞാപിച്ചു, ഇത് പാലക്കാട്ടെ തനിയാവർത്തനം'; സണ്ണി ജോസഫ്
പാലക്കാട് നടന്ന പെട്ടിപരിശോധനയുടെ തനി ആവർത്തനമാണ് നിലമ്പൂരിൽ ഉണ്ടായതെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. പോലീസിനെ അന്യാമായി ഉപയോഗിക്കുകയാണ്. ജനപ്രതിനിധിയുടെ മുഖത്താണ് ലൈറ്റ് അടിച്ച് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടത്. ഇതൊക്കെ മനപ്പൂർവ്വമുള്ള അവഹേളനമാണ്, സണ്ണി ജോസഫ് വിമർശിച്ചു.
'ഷാഫി പറമ്പിൽ വന്നപ്പോൾ ജനപ്രതിനിധിയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുഖത്ത് ലൈറ്റ് അടിച്ചു. പെട്ടി തുറക്കാൻ ആജ്ഞാപിച്ചു. കരുതിക്കൂട്ടിയുള്ള അപമാനിക്കലാണത്. അദ്ദേഹത്തെ കേരളത്തിലെ ആർക്കാണ് ഷാഫിയെ അറിയാത്തത്? കൊച്ചുകുട്ടികൾക്കും പ്രായം ചെന്നവർക്കും പോലും അറിയാം. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ മനസിലാകില്ലേ? മുഖത്തേക്ക് ലൈറ്റ് അടിക്കേണ്ട ആവശ്യമുണ്ടോ? ഓഡർ കൊടുക്കണോ? ഇതിനൊന്നും വേറൊരു ന്യായീകരണവുമില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്.

അവർക്കൊന്നും മറച്ചുവെക്കാനില്ല, അതുകൊണ്ടാണ് പെട്ടി കാണിച്ചത്. എൽ ഡി എഫ് നേതാക്കളെ പരിശോധിച്ചത് ഇതിന് ശേഷമുള്ള ബാലൻസിങ് ആണ്. പിണറായി വിജയന്റെ വണ്ടി വേണമെങ്കിൽ ഇനി പരിശോധിക്കും. പാലക്കാട് വനിത നേതാക്കളായ ഷാനി മോൾ ഉസ്മാന്റേയും ബിന്ദു കൃഷ്ണയുടേയും മുറി ബലമായി തുറക്കാൻ ശ്രമിച്ചത് പുരുഷ പോലീസുകാരാണ്. അവർ അന്ന് ധീരമായ നിലപാട് സ്വീകരിച്ചു. വനിത പോലീസ് ഇല്ലാതെ തുറക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഏകപക്ഷീയമായ നടപടികളാണ് ഇതൊക്കെ', സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് ചോദ്യം ഉയർത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലായത് കൊണ്ടാണ് അത്രമാത്രം പറഞ്ഞതെന്നായിരുന്നു അധ്യക്ഷന്റെ മറുപടി. അതേസമയം ഏകപക്ഷീയമായ പരിശോധനയാണ് നടന്നതെന്ന് ഷാഫി പറമ്പിൽ എംപിയും കുറ്റപ്പെടുത്തി. 'ഭക്ഷണം കഴിച്ച് വരുമ്പോഴാണ് പോലീസ് വണ്ടി നിർത്തിയത്. ആദ്യം മുഖത്ത് ലൈറ്റ് അടിച്ചു, എംപിയെന്ന ബോഡ് വെച്ച വാഹനമാണ് , ഇറങ്ങാൻ പറഞ്ഞു, ഡിക്കി തുറക്കാനും പെട്ടി എടുക്കാനും ആവശ്യപ്പെട്ടു. പെട്ടി കാണിച്ച് കൊടുത്ത് പരിശോധിക്കാൻ പറഞ്ഞപ്പോൾ വേണ്ട മതിയെന്നായിരുന്നു മറുപടി. പെട്ടി മാത്രം കണ്ടിട്ട് ഇനി പൊയ്‌ക്കോട്ടെ എന്ന് പറഞ്ഞാൽ അതിൻ്റെ ഉദ്ദേശമെന്താ?, പെട്ടി തുറന്ന് കണ്ടിട്ട് പോയാൽ മതിയെന്ന് അതുകൊണ്ടാണ് പറഞ്ഞത്', ഷാഫി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് വാഹനപരിശോധന നടത്തുന്നത് സ്വാഭാവികമാണെന്നും എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രതികരണം.












Click it and Unblock the Notifications