'നിലമ്പൂർ എൽഡിഎഫിന് രാഷ്ട്രീയ കരുത്തുള്ള മണ്ഡലം, മുഖ്യമന്ത്രി കാപ്സ്യൂൾ ഇറക്കരുത്'; വിടി ബൽറാം
നിലമ്പൂർ പരമ്പരാഗത യുഡിഎഫ് മണ്ഡലമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ വിടി ബൽറാം. വോട്ടെണ്ണൽ ദിവസം ഇറക്കാവുന്ന ആദ്യത്തെ ക്യാപ്സൂൾ ആണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ബൽറാം പരിഹസിച്ചു. മണ്ഡല പുനർനിർണയത്തിൽ യുഡിഎഫിന് വലിയ നഷ്ടം സംഭവിച്ചെന്നും എന്നാൽ ഇന്നത്തെ നിലമ്പൂർ മണ്ഡലം എൽഡിഎഫിന് നല്ല രാഷ്ട്രീയ കരുത്തുള്ള മണ്ഡലമാണെന്നും ഒരിക്കലും ഒരു യുഡിഎഫ് ശക്തികേന്ദ്രമല്ലെന്നും ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം.
'ഒരു ക്യാപ്സ്യൂൾ എന്ന നിലയിൽ ഇന്നത്തെ ദിവസം ഇറക്കാവുന്ന ഭേദപ്പെട്ട ഒന്നാണ് മുഖ്യമന്ത്രിയുടേത്. എന്നാൽ ഒരു പ്രശ്നമുണ്ടല്ലോ മുഖ്യമന്ത്രി സാറേ, അതുകൊണ്ട് ചില വസ്തുതകൾ ഇപ്പൊഴേ പറഞ്ഞുറപ്പിച്ച് തന്നെ പോവാം. മുഖ്യമന്ത്രി പറയുന്നത് പോലെ നിലമ്പൂർ അങ്ങനെ പരമ്പരാഗത യുഡിഎഫ് മണ്ഡലമല്ല എന്നതാണ് യാഥാർത്ഥ്യം. നിലമ്പൂർ എന്ന പേര് മാത്രം വച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട. ഇന്നത്തെ രൂപത്തിലുള്ള നിലമ്പൂർ അസംബ്ലി മണ്ഡലം നിലവിൽ വന്ന 2011ന് ശേഷം അവിടെ നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടിലും (2016, 2021) ജയിച്ചത് മുഖ്യമന്ത്രിയുടെ മുന്നണി സ്ഥാനാർത്ഥിയാണ്. സാക്ഷാൽ ആര്യാടൻ മുഹമ്മദ് ജയിച്ച 2011ൽപ്പോലും കേവലം 5500ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

മണ്ഡല പുനർനിർണയത്തിൽ വലിയ നഷ്ടമാണ് യുഡിഎഫിനുണ്ടായത്. മൃഗീയമായ ലീഡ് ലഭിച്ചിരുന്ന മൂന്ന് പഞ്ചായത്തുകൾ നിലമ്പൂരിൽ നിന്ന് മാറി. നേരത്തെ നിലമ്പൂരിന്റെ ഭാഗമായിരുന്ന ചാലിയാർ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേക്ക് മാറി. ഇവിടെ 2500 വോട്ടെങ്കിലും യുഡിഎഫിന് ലീഡ് കിട്ടാമായിരുന്നു. 4000 വോട്ട് വരെ ലീഡ് കിട്ടാവുന്ന ചോക്കാടും 3000 വോട്ട് വരെ ലീഡ് കിട്ടാവുന്ന കാളികാവും ഇപ്പോൾ വണ്ടൂർ മണ്ഡലത്തിന്റെ ഭാഗമായി. അതായത് ഇന്നത്തെ നിലമ്പൂർ മണ്ഡലം എൽഡിഎഫിന് നല്ല രാഷ്ട്രീയ കരുത്തുള്ള മണ്ഡലമാണ്, ഒരു യുഡിഎഫ് ശക്തികേന്ദ്രമല്ല.
നാളെ രാവിലെ എണ്ണാനുള്ളതാണല്ലോ നിലമ്പൂരിലെ വോട്ടുകൾ. ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. ക്യാപ്സ്യൂൾ നിർമ്മാതാക്കൾ ഇന്ന് ഓവർനൈറ്റ് പണിയെടുത്ത് ന്യായീകരണങ്ങൾ ഇറക്കുന്നുണ്ടാവാം. ഏതായാലും കേരളത്തിന്റെ മുഖ്യമന്ത്രി കൂടി അക്കൂട്ടത്തിൽ കൂടുന്നത് അത്ര ഭൂഷണമല്ല', പോസ്റ്റിൽ പറഞ്ഞു.
അതേസമയം വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ നിലമ്പൂരിൽ അവകാശവാദങ്ങളും ആരോപണങ്ങളും കൊഴുക്കുകയാണ്. നിലമ്പൂരിൽ ക്രോസ് വോട്ടിങ് നടന്നുവെന്നാണ് പിവി അൻവർ ആരോപിച്ചത്. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് ലഭിച്ചതെന്നും ഇതിനിടയിലും വിജയിക്കാൻ സാധിക്കുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫിന്റെ പരാജയം ഉറപ്പാക്കാൻ ബിജെപി പ്രവർത്തകർ അവസാന നിമിഷം യുഡിഎഫിന് വോട്ട് കുത്തിയെന്നാണ് എൻഡിഎ സ്ഥാനാർത്ഥ മോഹൻ ജോർജ് പറഞ്ഞത്. എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.












Click it and Unblock the Notifications