പിവി അന്‍വര്‍ സഭയില്‍ ഹാജരായത് വെറും 5 ദിവസം; അവധി അപേക്ഷയും നല്‍കിയില്ല, എംഎല്‍എ എവിടെ
തിരുവനന്തപുരം: നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ തുടര്‍ച്ചയായി വിട്ടുനിന്ന് പിവി അന്‍വര്‍ എംഎല്‍എ. 15ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തില്‍ വെറും അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ സഭയില്‍ എത്തിയത്. രണ്ടാം സമ്മേളനത്തില്‍ ഒന്നില്‍ പോലും ഹാജരായില്ല. കൂടാതെ സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷയും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സഭയുടെ മൂന്നാം സമ്മേളനവും ആരംഭിച്ചത്. ഈ സമ്മേളനത്തില്‍ എംഎല്‍എ ഹാജരാകാന്‍ എത്തിയിട്ടില്ല.
ഭരണഘടനയുടെ 190 (4) പ്രകാരം 60 സഭ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എംഎല്‍എയെ അയോഗ്യരാക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായാണ് പ്രഖ്യാപിക്കുക. അതേസമയം, സര്‍ക്കാരിന്റെ വിവിധ സമിതികളില്‍ പിവി അന്‍വര്‍ അംഗമാണ്. ഈ സമിതി യോഗങ്ങളില്‍ ഒന്നും തന്നെ അന്‍വര്‍ പങ്കെടുത്തിട്ടില്ല. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയിലാണ് അന്‍വര്‍ അംഗമായിട്ടുള്ളത്.

അതേസമയം, സഭയുടെ അനുമതി ഉണ്ടെങ്കില്‍ എംഎല്‍എയ്ക്ക് അവധി എടുക്കാവുന്നതാണ്. എന്നാല്‍ പിവി അന്‍വര്‍ ഈ വരുന്ന 15ാം തീയതിയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ബിസ്‌നസ് ആവശ്യത്തിനായി അന്‍വര്‍ അഫ്രിക്കയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം എല്‍ എ പി വി അന്‍വര്‍ അപ്രത്യക്ഷനായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാതൃഭൂമി ന്യൂസാണ് എംഎല്‍എയെ കാണാനില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് എം എല്‍ എ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരുന്നു. കൂടാതെ അഫ്രിക്കയില്‍ നിന്ന് മീഡിയവണ്‍ ചാനലിന് വീഡിയോ കോണ്‍ഫറന്‍സ് അഭിമുഖവും എംഎല്‍എ നല്‍കിയിരുന്നു.
ആഫ്രിക്കയിലെ സിയേറ ലിയോണയിലാണ് എംഎല്‍എയുള്ളത്. ഈ രാജ്യത്ത് എത്തിയത് സ്വര്‍ണ ഖനനത്തിലാണെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് വന്നതെന്നും പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസം ലീവെടുത്താണ് ഇവിടേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാട്ടില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടാണ് താന്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications