നിലമ്പൂർ തേക്കിന് പത്തരമാറ്റ്; നിലമ്പൂരിലെ ഒറ്റത്തടി തേക്ക് വിറ്റത് 13.25 ലക്ഷം രൂപക്ക്
മലപ്പുറം: തേക്കിന്റെ നാടായ നിലമ്പൂരില്‍നിന്നും ഒറ്റത്തടി തേക്ക് ലേലംചെയ്ത് വിറ്റത് 13.25 ലക്ഷംരൂപക്ക്. സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം കിതക്കുമ്പോഴും കാരിരുമ്പിന്റെ ബലത്തില്‍ ലോക പ്രശസ്തമായ നിലമ്പൂര്‍ തേക്കിന് ഇപ്പോഴും പത്തരമാറ്റ് തിളക്കമാണ്. വനം വകുപ്പിന്റെ അംഗീകൃത ഡിപ്പോയായ നെടുങ്കയം ഡിമ്പര് സെയില്‍സ് ഡിപ്പോയില്‍ ബുധനാഴ്ച നടന്ന ലേലത്തില്‍ ഒറ്റ തടിക്ക് ലഭിച്ചത് നികുതി ഉള്‍പ്പടെ 13.25 ലക്ഷം രൂപ. ഓണ്‍ലൈന്‍ വഴിയാണ് ലേലം കൊണ്ടത്. സിയാര് ഡിമ്പേഴ്സ് ഉടമ എടവണ്ണ സ്വദേശിയായ തേലക്കാട് സക്കീറാണ് റിക്കാര്‍ഡ് വിലയില്‍ തേക്ക് തടി ലേലം കൊണ്ടത്. എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗംകൂടിയാണിദ്ദേഹം.
7.15 മീറ്റര്‍ നീളവും 225 സെ.മീറ്റര്‍ വ്യാസവുമാണ് തടിക്കുള്ളത്. കയറ്റുമതി ഇനത്തില്‍പ്പെട്ട സി എക്സ്പോര്‍ട്ട് തടിയാണിത്.ബ്രീട്ടീഷുക്കാരുടെ കാലത്ത് നട്ടുപിടിപ്പിച്ച 1909 തേക്ക് പ്ലാന്റേഷനിലെ മരമാണിത്. ഗവേഷണത്തിനും മറ്റുമായി സംരക്ഷിച്ചുപോരുന്ന തോട്ടത്തില്‍ നിന്നും കാറ്റില്‍ കടപുഴകി വീഴുന്നതും ഉണങ്ങിയതുമായ തേക്ക് തടികളിലൊന്നാണിത്. ഇത്തരത്തിലുള്ള 31 ഘനമീറ്റര്‍ തടിയാണ് ലേലത്തിന് വെച്ചിരുന്നത്.
ഇതില്‍ സക്കീര്‍ ലേലം കൊണ്ടതുള്പ്പടെ 24 ഘനമീറ്റര്‍ തടി ലേലത്തില്‍ വിറ്റു.
നെടുങ്കയം ഡിപ്പോയില്‍ തടി ലേലത്തില്‍ ലഭിച്ച റിക്കാര്‍ഡ് വിലയാണിതെന്ന് റെയ്ഞ്ച് ഓഫീസര്‍ ബി.ശ്യാമളദാസ് പറഞ്ഞു.ബി ഇനത്തില്‍പ്പെട്ട തടികള്‍ക്കാണ് സാധാരണ ഉയര്‍ന്ന വില ലഭിക്കാറുള്ളത്.