മാലപ്പടക്കം പൊട്ടിച്ചു, ഒരു തീപ്പൊരി പറന്നു വീണു; പിന്നെ വന്‍ സ്ഫോടനം, തീ ഗോളം: ഭയപ്പെട്ട് കൂട്ടയോട്ടം
നീലേശ്വരം: കാസർകോടിനെ നടുക്കി നീലേശ്വരം അഞ്ഞൂറ്റമ്പളം വീരകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി. അപകടത്തില്‍ 150 ലേറെ പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന ഇടത്തേക്കും തീപ്പൊരി വീണതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

മാലപ്പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഒരു തീപ്പൊരി പടക്കം സൂക്ഷിച്ചിടത്ത് വീഴുകയും പിന്നാലെ വന്‍ സ്ഫോടനം ഉണ്ടാകുകയുമായിരുന്നുവെന്നാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു വിദ്യാർത്ഥി പറയുന്നത്. വലിയ വെടിക്കെട്ടിനായുള്ള വെടിമരുന്നുകള്‍ ഇല്ലായിരുന്നെങ്കിലും ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന സ്ഥലത്ത് നടന്ന സ്ഫോടനമായതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
രണ്ട് ലക്ഷം രൂപയുടെ പടക്കം ഉണ്ടായിരുന്നുവെന്നാണ് ഒരു നാട്ടുകാരനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനം നടന്നതോടെ ആളുകള്‍ ഭയപ്പെട്ട് ഓടാന്‍ തുടങ്ങി. ഈ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ നിലത്ത് വീണു. വീണവർക്ക് മുകളിലൂടെ പിന്നാലെ എത്തിയവർക്ക് കടന്ന് പോകേണ്ടി വന്നതും പരിക്കേറ്റവരുടെ എണ്ണം വർധിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1500 ഓളം പേരായിരുന്നു ഉത്സവത്തിനായി എത്തിയത്.
സ്ഫോടനം ഉണ്ടായെങ്കിലും ആദ്യം ക്ഷേത്ര ഭാരവാഹികള്‍ വലിയ പ്രാധാന്യത്തോടെ കണ്ടില്ലെന്ന ആരോപണവും ചില ഉയർത്തുന്നുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ഷീറ്റ് ഇളകിതെറിക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, അനുമതിയില്ലാതെയാണ് ക്ഷേത്രത്തില്‍ പടക്കം സൂക്ഷിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വ്യക്തമാക്കി. പടക്കം സൂക്ഷിച്ച കെട്ടിടവും കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
പരിക്കേറ്റവരില്‍ 33 പേരെ കാസർകോട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. അരിമല ആശുപത്രിയിൽ 12 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ട് പേരുടേയും നില ഗുരുതരമാണ്. സഞ്ജീവനി ആശുപത്രിയില്‍ 40 പേരും താലൂക്ക് ആശുപത്രിയില്‍ 11 പേരും ചികിത്സയിലുണ്ട്. അഞ്ച് പേരെ കണ്ണൂർ മിംസ് ആശുപത്രിയിലേക്കും 11 പേരെ കെ എ എച്ച് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications