നിമിഷപ്രിയ മോചിതയാകുന്നു? വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് നിര്‍ണായക തീരുമാനം
തിരുവനന്തപുരം: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ശിക്ഷ നാളെ നടപ്പാക്കില്ല എന്നും ഇന്ത്യന്‍ ശ്രമങ്ങളുടെ ഫലമായാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം എന്നും കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ച കാര്യം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചു.
നഴ്‌സായ നിമിഷപ്രിയ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നാളെ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ തീവ്രശ്രമമാണ് കുടുംബവും രാജ്യവും നടത്തിയത്. ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.

ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കണം എന്നായിരുന്നു തലാലിന്റെ കുടുംബത്തോടുള്ള അഭ്യര്‍ത്ഥന. എന്നാല്‍ ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. അതേസമയം കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സൂഫി പണ്ഡിതരുടെ ഇടപെടലില്‍ കുടുംബം വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് വഴങ്ങുകയായിരുന്നു എന്നാണ് വിവരം.
ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാം എന്ന കാര്യം തലാലിന്റെ കുടുംബം ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. കുടുംബം ഇക്കാര്യത്തില്‍ സ്ഥിരീകരണം അറിയിച്ചാല്‍ വിചാരണ കോടതിയായ സനാ കോടതിയെ ഇക്കാര്യം അറിയിക്കും. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ലാത്തതിനാല്‍ തന്നെ ഔദ്യോഗികമായി നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു.
യെമെനില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍ നിന്ന് അവിടേക്ക് യാത്രാ വിലക്കും നിലനില്‍ക്കുന്നുണ്ട് എന്നതെല്ലാം നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വെല്ലുവിളിയായി. ഇതിനിടെയാണ് കാന്തപുരം അവിടത്തെ സൂഫി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് നിമിഷപ്രിയയ്‌ക്കെതിരായ കേസ്.
തലാലിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിലവില്‍ യെമെന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയയെ തടവിലാക്കിയിരിക്കുന്നത്.












Click it and Unblock the Notifications