നിമിഷ ഫാത്തിമയായത് സെക്രട്ടറിയേറ്റിനടുത്തുള്ള സലഫി സെന്ററില്‍; പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചു....
തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന ആറ്റുകാല്‍ സ്വദേശി നിമിഷ മതം മാറിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള സലഫി സെന്ററില്‍ വച്ച്. 2013 സെപ്തംബറിലാണ് നിമിഷ ഇവിടെ നിന്ന് മതം മാറി ഫാത്തിമയായതെന്ന് പോലീസ് പറയുന്നു. അടുത്തിടെ കാണാതായ നിമിഷ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്ന് അമ്മ ബിന്ദു തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിമിഷ മതം മാറിയത് തിരുവനന്തപുരത്ത് നിന്നാണെന്ന് സ്ഥിരീകരിച്ചത്.
സെക്രട്ടറിയേറ്റിന് പിന്നില്‍ പ്രസ്‌ക്ലബിന് സമീപം ഊറ്റുകുഴിയിലുള്ള സലഫി സെന്ററില്‍ നിന്നാണ് നിമിഷ മതം മാറിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ ബിന്ദു എട്ട് മാസം മുമ്പ് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത ക്രൈംബ്രാഞ്ചാണ് പിന്നീട് അന്വേഷിച്ചത്. പക്ഷെ പോലീസിന്റെ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ച് അവഗണിച്ചുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
Read More: ദക്ഷിണ സുഡാനില്‍ നിന്ന് 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു; ആദ്യ സംഘത്തില്‍ 45 മലയാളികള്‍...

കാസര്‍കോട് പെയിനാച്ചി സെഞ്ചുറി ഡെന്റല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് നിമിഷ മതപരിവര്‍ത്തനം നടത്തിയത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നിമിഷ വെറും നാലുദിവസം പരിചയമുള്ള ഇസ എന്ന യുവാവിന്റെ പ്രേരണയിലാണ് മതം മാറിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനൊപ്പം തിരുവനന്തപുരത്തെത്തിയ നിമിഷ മതം മാറി ഫാത്തിമ എന്ന പേര് സ്വീകിരിച്ചു.
കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് കഴിഞ്ഞ നവംബറില്‍ വിശദമായ റിപ്പോര്‍ട്ട് അന്നത്തെ ഡിജിപി ടിപി സെന്‍കുമാറിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ നിമിഷയുടെ ജീവിത രീതിയിലും വസ്ത്രധാരണത്തിലുമുണ്ടായ മാറ്റത്തെപറ്റിയും ഇസ്ലാം മതത്തിലെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അവഗണിച്ചു. അന്ന് ഇക്കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ നിമിഷ ത്രീവവാദ സംഘത്തില്‍ അകപ്പെടില്ലായിരുന്നുവെന്നാണ് അമ്മ ബിന്ദു പറയുന്നത്.
മതം മാറിയ ശേഷം ത്രീവ്ര മുജാഹിദ് സ്വഭാവമുള്ള സംഘങ്ങളോടൊപ്പം നിമിഷ പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. നദ്വത്തുല്‍ മുജാഹദീന്റെ യോഗങ്ങളിലും പ്രചാരണത്തിലും നിമിഷ സജീവമായി പങ്കെടുത്തിരുന്നു. നിമിഷയെ വിവാഹം കഴിച്ച ഇസ എന്ന സഹപാഠിക്കുപുറമെ കോളേജിലെ ചില സീനിയര്‍ വിദ്യാര്‍ത്ഥിനികളും യുവതികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തെ സലഫി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് സമീപത്തെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനടുത്താണ് സലഫി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷം മുന്‍പ് പാറശാല സ്വദേശിയായ ഒരു യുവാവ് സലഫി സെന്റര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചിരുന്നു.
യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. നിമിഷയുടെ തിരോധാനവുമായിബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന് പുറമെ യുവാവിന്റെ മരണം സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications