നിമിഷയുടെ ജീവന്‍ പണയം വെച്ച് റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ നോക്കരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍; 'സ്ഥിതി സങ്കീര്‍ണം'
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് ചിലരുടെ വാക്കുകളും പ്രവൃത്തികളും എന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അധിക്ഷേപിച്ചുള്ള ചിലരുടെ ഇടപെടലുകളാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്.
നിമിഷപ്രിയയുടെ ഇന്ന് നടത്തേണ്ടിയിരുന്ന വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച തുടരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പ്രതിസന്ധിയിലാകുന്ന തരത്തിലാണ് നിലവിലെ സാഹചര്യം. ശെഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അവരെ അവഹേളിച്ചുകൊണ്ടും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

ഇതാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറായ കുടുംബത്തിലെ കാരണവര്‍ക്കെതിരെ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സുഗമമായി നടന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത് എന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
'നിമിഷയുടെ ജീവന്‍ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങളും റേറ്റിങ് വര്‍ദ്ധിപ്പിക്കാനുള്ള വാര്‍ത്തകളും നടത്തരുത്. അത്തരം താല്പര്യമുള്ള ആളുകള്‍ക്ക് ദൃശ്യത നല്‍കാതെ മാറ്റി നിര്‍ത്താന്‍ മാധ്യമ സ്ഥാപനങ്ങളും തയ്യാറാവണം. സോഷ്യല്‍ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണം,' ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.
നിമിഷയുടെ വധശിക്ഷ താല്‍ക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദിയാധനത്തിന്റെ കാര്യത്തിലും മാപ്പ് നല്‍കുന്ന കാര്യത്തിലും കുടുംബം ഉറപ്പ് നല്‍കുന്നത് വരെ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണമായി വിജയിക്കില്ല. അനാവശ്യമായ തര്‍ക്കങ്ങളുടെ നഷ്ടഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക നിമിഷപ്രിയയാണ്. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം,' ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ശ്രമങ്ങള്‍ക്ക് നാം ഒരുമിച്ച് പിന്തുണ നല്‍കണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ അവസാന നിമിഷമാണ് വധശിക്ഷ നീട്ടി വെച്ചതായി യെമന്‍ ഭരണകൂടം അറിയിച്ചത്.












Click it and Unblock the Notifications