നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് ആശ്വാസജനകം, കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി, കയ്യടി പ്രവാഹം
വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് കാന്തപുരം എപി അബൂബക്കർ മുസലിയാർ കക്ഷി രാഷ്ട്രീയ ഭേദമന്യേ കയ്യടി നേടുകയാണ്. സോഷ്യൽ മീഡിയ വലിയ തോതിലാണ് കാന്തപുരത്തിന്റെ ഇടപെടലുകളെ അഭിനന്ദിക്കുന്നത്. ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ ആണെന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. നീക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും തുടർന്നും ഇടപെടലുണ്ടാകുമെന്നും കാന്തപുരം വ്യക്തമാക്കി.
കാന്തപുരത്തിന്റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബവുമായി ചർച്ചയ്ക്ക് ആദ്യമായി വഴി തുറന്നത്. അതിന് പിന്നാലെ നാളെ നടപ്പാക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുകയാണ്. കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുളളവർ രംഗത്ത് വന്നിരിക്കുകയാണ്..
മുഖ്യമന്ത്രിയുടെ പ്രതികരണം
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു''.

മറ്റ് പ്രമുഖരുടെ പ്രതികരണങ്ങൾ വായിക്കാം:
വി ഡി സതീശൻ
നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.
സണ്ണി ജോസഫ്
ഏറെ പ്രതീക്ഷകളോടെ ഒരു ജോലിക്കായി വിദേശത്ത് എത്തുകയും അവിടെ ഉണ്ടായ നിർഭാഗ്യകരമായ സാഹചര്യങ്ങളെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത് ജയിലിൽ കിടക്കുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇടപെട്ട് വധശിക്ഷ മരവിപ്പിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
പരസ്പരം സ്നേഹിക്കാനും സഹജീവികൾക്ക് നന്മ ചെയ്യാനും പഠിപ്പിക്കുന്ന കാന്തപുരം ഉസ്താദിനെ പോലെയുള്ള പണ്ഡിതർ ഈ വിഷയത്തിൽ ഇടപെട്ടത് തന്നെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.. ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിൻറെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിമിഷപ്രിയയുടെ മോചനം, അതിലേക്ക് കാര്യങ്ങൾ ചെന്നെത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു...
പി രാജീവ്
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചുവെന്ന വിവരം പ്രതീക്ഷയുണർത്തുന്നതാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയുമായ ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലാണ് വധശിക്ഷ മരവിപ്പിക്കുന്നതിലേക്ക് തീരുമാനമെത്തിച്ചത്. മനുഷ്യജീവൻ്റെ വിലയറിഞ്ഞുകൊണ്ടുള്ള ഈ ഇടപെടൽ കേരളത്തിനാകെ ആശ്വാസം നൽകിയിരിക്കുന്നു. നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഇടപെടുന്ന ആക്ഷൻ കൗൺസിലിനെ ഉൾപ്പെടെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ ശ്രമങ്ങൾ ഫലവത്താകട്ടെയെന്ന് ആഗ്രഹിക്കുന്നു.
പികെ കുഞ്ഞാലിക്കുട്ടി
നിമിഷ പ്രിയ വിഷയത്തിൽ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസ്സാക്ഷി വല്ലാതെ സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊൻകിരണം പോലെ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി വധശിക്ഷ നീട്ടിവെച്ചെന്ന സന്തോഷ വാർത്തയും കേൾക്കാൻ സാധിച്ചിരിക്കുന്നു. ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം യമനിലെ സൂഫി പണ്ഡിതൻ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ഇടപെടലുകൾ പൂർണ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പിക്കാം. മലയാളി ഒന്നടങ്കം കാത്തിരിക്കുന്ന അവസാന സന്തോഷ വാർത്തക്കായി നമുക്ക് കാത്തിരിക്കാം.
രമേശ് ചെന്നിത്തല
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്റെ മാതൃക !
മോചന ദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
പിഎ മുഹമ്മദ് റിയാസ്
നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിലപാട് മാനവികത ഉയർത്തിപ്പിടിക്കുന്നതാണ്. ഉസ്താതിൻ്റെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. നിമിഷ പ്രിയയുടെ മോചനത്തിനായി ഇനിയും കൂട്ടായ പരിശ്രമം തുടരാം.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications