'ഒരു സ്റ്റേജിൽ കയറി കുറച്ച് കയ്യടി കിട്ടുന്ന സമയത്ത് വായിൽ നിന്ന് അറിയാതെ വന്നുപോയതാകും': മേജർ രവി
നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സംവിധായകൻ മേജർ രവി. നിമിഷയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വേദി കിട്ടിയപ്പോൾ ഏതോകാലത്ത് സുരേഷ് ഗോപി പറഞ്ഞ കാര്യം നിമിഷ വിളിച്ച് പറഞ്ഞത് ആയിരിക്കാം. അതിൽ വ്യക്തി വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. നിമിഷ രാഷ്ട്രീയക്കാരി അല്ലെന്നും ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെ നേരിടാൻ അവർക്ക് ശക്തിയുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ സങ്കടകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടി നിമിഷ സജയനെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. കലാകാരിയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല. ഏതോ ഒരു കാലത്ത് സുരേഷ്ഗോപി പറഞ്ഞ ഒരു കാര്യം ആ കുട്ടിക്ക് വേദിയിൽ വന്ന് പറഞ്ഞു. അതിനെ അങ്ങനെ വിട്ടാൽ മതി. ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണെന്നും മേജർ രവി പറഞ്ഞു.

നിമിഷ പറഞ്ഞത് അന്ന് കേട്ടപ്പോൾ വിഷമമുണ്ടായിരുന്നു. പക്ഷേ അതിന്റെ പേരിൽ അവരെ മാനസികമായി വിഷമിപ്പിക്കുന്നതിനോ ട്രോൾ ചെയ്യുന്നതിലോ എനിക്ക് യാതൊരു സന്തോഷവുമില്ല എന്നാണ് വളരെ പക്വതയോടെ ഗോകുൽ സുരേഷ് പറഞ്ഞത്. സുരേഷ് ഗോപി വളരെ നന്നായി വളർത്തിയ കുട്ടിയാണ് ഗോകുൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക് ചെയ്യാൻ നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലേ? ഇതൊക്കെ നിർത്തിക്കൂടെ? ആ കുട്ടി ചെയ്തത് വ്യക്തിപരമായ ദേഷ്യം കൊണ്ടാെന്നുമല്ല. ഒരു സ്റ്റേജിൽ കയറി കുറച്ച് കയ്യടി കിട്ടുന്ന സമയത്ത് വായിൽ നിന്ന് വന്ന് പോയതാണ്, മേജർ രവി പറഞ്ഞു.
അന്ന് പറഞ്ഞതിനെ ഇപ്പോൾ എടുത്തിട്ട് ആ കുട്ടിയെ ആക്രമിക്കുന്നതിനെ അംഗീകരിക്കാനാവില്ല. സുരേഷ് തന്റെ സുഹൃത്താണ്. ആ കുടുംബവും തനിക്ക് അടുപ്പമുള്ളതാണ്. ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കുത്തിപ്പൊക്കി കൊണ്ടുവന്നാൽ സുരേഷിന് ഇഷ്ടപ്പെടുമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി.
സുരേഷ് വളരെയധികം സാത്വികനായ ആളാണ്. ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്ന് കരുതരുത്. ഇനിയെങ്കിലും സൈബർ ആക്രമണം നിർത്തണം. നമ്മുടെ ഭാഗത്തുനിന്നും അങ്ങനെയൊരു ക്രൂശിക്കൽ ആവശ്യമില്ലെന്നും മേജർ രവി പറഞ്ഞു. 'തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ' എന്നായിരുന്നു നേരത്തെ നിമിഷ പറഞ്ഞത്.












Click it and Unblock the Notifications