നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; വിവരം ലഭിച്ചതായി കാന്തപുരം
കൊച്ചി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി. ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ അറിയിച്ചു. മോചനം സംബന്ധിച്ചുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ കേന്ദ്രസർക്കാർ വാർത്ത ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ദയാദനത്തിന്റെ കാര്യത്തിൽ ഇതുവരേയും ധാരണ ആയിട്ടില്ല. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കില്ലെന്ന നിലപാടിലാണ്. കുടുംബവുമായി മധ്യസ്ഥ സംഘം കൂടുതൽ ചർച്ച നടത്തും. അതിനുശേഷമായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക.
ജുലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു യെമൻ ഭരണകുടത്തിന്റെ തീരുമാനം. എന്നാൽ കാന്തപുരം മുസ്ലീയാർ യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി സംസാരിച്ചു. ചർച്ചയ്ക്കൊടുവിൽ വധശിക്ഷ നീട്ടിയതായി യെമൻ അറിയിച്ചു. അതേസമയം തലാലിന്റെ കൂടുംബം ഇതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.
ദയാധനം സ്വീകരിക്കില്ലെന്നും നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം എന്ന് തലാലിന്റെ കുടുംബം ആവർത്തിച്ചു. തലാലിന്റെ സഹോദരൻ ഫേസ്ബുക്കിലൂടെ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ നിരന്തര ചർച്ചയ്ക്കൊടുവിലാണ് ഇപ്പോൾ ആശ്വാസകരമായ വാർത്തയെത്തിയത്. തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാൻ തയ്യാറായാൽ എത്രരൂപ വേണമെങ്കിലും നൽകാമെന്നാണ് നേരത്തേ നിമിഷപ്രിയ സേവ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കിയത്. ഇനി ഇത് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലാലിന കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. അതേസമയം ക്രൂരപീഡനത്തെ തുടർന്ന് അത്തരമൊരു കടുംകൈ ചെയ്തതെന്നാണ് നിമിഷ പ്രിയയുടെ വിശദീകരണം. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നേരത്തേ അപ്പീല്‍ നൽകിയെങ്കിലും യെമന്‍ സുപ്രീം കോടതി ഈ ആവശ്യം തള്ളി. തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ല. ഇതോടെയാണ് വധശിക്ഷയുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.












Click it and Unblock the Notifications