വീണ്ടും ഭീതി പടർത്തി നിപ: കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ജാഗ്രത നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ജാഗ്രത നിർദേശം. നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ വൈറസ് സ്ഥിരീകരണത്തിനായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി. മെഡിക്കൽ കോളേജുകളിൽ പരിശോധന നടത്തിയപ്പോൾ നിപ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

3 ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകി. 26 കമ്മിറ്റികൾ വീതം 3 ജില്ലകളിൽ രൂപീകരിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈനും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. കളക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ലിക് അനൗൺസ്മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്കാണ് നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ആര്‍ക്കും രോഗ ലക്ഷണമില്ലെന്നും റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും ജില്ലാ കലക്ടറും അറിയിച്ചു. പത്ത് ദിവസത്തിന് മുമ്പാണ് യുവതിയില്‍ രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് മണ്ണാര്‍ക്കാടിലെ വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സ തേടി. രോഗം കൂടുതല്‍ ഗുരുതരമായതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നാണ് നിപ വൈറസ് ബാധം സംശയം ഉയർന്നതിനെ തുടര്‍ന്ന് സാമ്പിള്‍ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചത്.












Click it and Unblock the Notifications