കേരളത്തില്‍ വീണ്ടും നിപ; രോഗം ബാധിച്ചത് മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക്: ജാഗ്രതാ നടപടികള്‍ ആരംഭിച്ചു
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായി. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. ഇവരുടെ വീട്ടിലെ രണ്ടു പേര്‍ക്കും പനി ബാധിച്ചിരുന്നു.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് 42 കാരി. വിട്ടുമാറാത്ത പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ടും അസുഖം മാറിയില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് പൂനെ വൈറോളജി ലാബിലേക്ക് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.

അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ച 42-കാരി വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത് ആരോഗ്യ വകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. സ്ത്രീയുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇവരുടെ വീട്ടിലെ രണ്ടു കോഴികള്‍ ചത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു പേര്‍ക്കാണ് മലപ്പുറത്ത് രോഗം ബാധിച്ചത്. തുടരെ തുടരെ ഓരോ വര്‍ഷവും നിപ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും മാറാക്കര-എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഏഴ് പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഏഴും നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പഴം തീനി വവ്വാലുകളാണ് നിപ രോഗവാഹകരെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിക്കുന്നതു വഴിയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
വൈറസുള്ള സ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കു രോഗം പകരാം. പക്ഷികള്‍ കഴിച്ചിട്ട പഴങ്ങളുടെ ഭാഗങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും മികച്ച മാര്‍ഗം.












Click it and Unblock the Notifications