നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം; മരിച്ചയാളുടെ വീടും പരിസരവും സന്ദർശിച്ചു
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.

മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങൾ ഉൾപ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: മന്ത്രി വീണ ജോർജ്
ഇന്ന് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കലക്ടറേറ്റ് കോൺഗ്രസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയ ആളാണ് ഇദ്ദേഹം. ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെയും നിപ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള
ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്. ഇവരുടെ ഫോൺ ലോക്കേഷൻ കൂടി പരിശോധിച്ച് വിട്ടുപോയ സ്ഥലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ഹെെ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിപ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മൊബെെൽ ലാബിൽ ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എൻ.ഐ.വി പൂനയിൽനിന്നുള്ള ബി.എസ്.എൽ 3 സൗകര്യമുള്ള മൊബെെൽ ലാബ് ഉള്ളതിനാൽ നിപ സ്ഥിരീകരണം ജില്ലയിൽ സാധ്യമാണ്. നിപ പരിശോധനയിൽ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി നിർദേശിച്ചു.
ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications