തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; 2 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടേയും കാട്ടാക്കട സ്വദേശിയായ സ്ത്രീയുടേയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെയാണ് ഇവർക്ക് പനി ഉണ്ടായത്. തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇരുവരുടേയും സാമ്പിളുകൾ പരിശോധിക്കുക. ഫലം നാളെ ലഭിക്കും.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ബസിൽ സഞ്ചരിക്കവെ വവ്വാൽ മുഖത്തടിച്ചതിന് പിന്നാലെ പനി സ്ഥിരീകരിച്ചതോടെയായിരുന്നു വിദ്യാർത്ഥിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
അതേസമയം നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മലപ്പുറം ജില്ലയിൽ 22, കണ്ണൂരിൽ മൂന്ന്, വയനാട് ജില്ലയിൽ ഒന്ന്, തൃശൂരിൽ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇത്തരത്തിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തിയവരെ ഐസൊലേഷനിൽ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങളും കൺട്രോൾ റൂമിൽ ശേഖരിക്കുന്നുണ്ട്. ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം എന്നിവ കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപ രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) നാല് മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ഛർദ്ദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധി ക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.












Click it and Unblock the Notifications