മലപ്പുറത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി; 24കാരന്റെ മരണ കാരണം നിപ
മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 കാരന് ആണ് നിപ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പ്രാഥമികമായി നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലവും പോസിറ്റീവ് ആവുകയായിരുന്നു.
പ്രാഥമികമായി നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഇന്നലെ രാത്രി തന്നെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നിരുന്നു. പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്ഥീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.

ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്നു മരിച്ച യുവാവ്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പോയിട്ടുള്ള ഇടങ്ങൾ എല്ലാം ട്രേസ് ചെയ്ത് കൊണ്ട് യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്യ ഇതുവരെ 151 പേരാണ് പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉള്ളത്.
ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആർക്കെങ്കിലും അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 24 കാരൻ മരിച്ചത്. നിപ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ പെട്ടതോടെ തിരുവാസി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. നാളെ മുതൽ കൂടുതൽ പനി സർവേകൾ പഞ്ചായത്തിൽ ആരംഭിക്കും. രാവിലെ തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോഗത്തിൽ ചർച്ച ചെയ്തത്.
നാല് സ്വകാര്യ ആശുപത്രികളില് ആണ് യുവാവ് ചികിത്സ തേടിയിട്ടുള്ളത്. ഇത് കൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications