നിപ: കോഴിക്കോട് നിന്നും ആശ്വാസ വാർത്ത, വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 42 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായി. 23 ഹൈറിസ്ക്ക് ആളുകളുടേത് ഉൾപ്പടെയാണ് 42 ഫലങ്ങൾ നെഗറ്റീവായത്. നിലവിൽ നിപ ബാധിച്ച് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഒമ്പതുവയസുകാരന്‍റെ ആരോഗ്യനില മെച്ചെപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പർക്കത്തിലായ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ കണ്ടെയിൻമെൻറ് സോണുകളിലായി 22208 വീടുകൾ സന്ദർശിച്ചു. നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയുമായും വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പത് വയസ്സുകാരന്റെ മാതാവുമായും വീഡിയോ കോളിലൂടെ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘത്തിന്റെ നിർദേശങ്ങളും പരിഗണിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 19 കോർ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും മറ്റ് വകുപ്പുകളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനും ഉത്തരവ് ലംഘിച്ച് പരിപാടി നടത്തിയതിനും ഓരോ കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലുള്ള രോഗിയുടെ ചികിത്സാ ചെലവ് നൽകേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇത് രോഗിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവ് ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 82 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 409 ഉം ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 152 പേരുമാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 192 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 863 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇതുവരെ 156 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എട്ട് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.












Click it and Unblock the Notifications