നിപ്പാ വൈറസ്: മലേഷ്യയിൽ നിന്ന് മാത്രമല്ല... ജപ്പാനിൽ നിന്നും മരുന്നുകൾ; ഓസ്‌ട്രേലിയൻ മരുന്ന് എത്തി
കോഴിക്കോട്: നിപ്പാ വൈറസ് പ്രതിരോധത്തിന് സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും. ആദ്യ ഘട്ടത്തില്‍ മലേഷ്യയില്‍ നിന്ന് റിബാവൈറിന്‍ മരുന്നുകള്‍ എത്തിച്ചായിരുന്നു ചികിത്സ. എന്നാല്‍ ഇത് അത്രത്തോളം ഫലവത്തല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ്പാ വൈറസ് മലേഷ്യന്‍ സ്‌ട്രെയിന്‍ അല്ലെന്നും ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആണ് ജപ്പാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നുകള്‍ എത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്നുകള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് രാത്രിയോടെ ഇത് കോഴിക്കോട് എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിക്കുന്നത്. ക്വീന്‍സ് ലാന്‍ഡ് സര്‍വ്വകലാശാല പരീക്ഷിച്ച് ഗുണഫലങ്ങള്‍ തെളിയിച്ചിട്ടുള്ള മരുന്നാണ് ഇത്.

ഇത് കൂടാതെയാണ് ജപ്പാനില്‍ നിന്നുള്ള മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ ലഭ്യമായിട്ടുള്ളത്. ഇത് റിബാവൈറിനേക്കാള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് ശേഷം മാത്രം ആയിരിക്കും മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുക. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ക്ക് രോഗം ഭേദമായി എന്ന ആശ്വാസകരമായ വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വൈറസ് ബാധ ഇല്ല എന്ന് പൂര്‍ണമായും ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇവരെ ആശുപത്രിയില്‍ നിന്ന് വിടുകയുള്ളു.












Click it and Unblock the Notifications