കേസെടുത്തപ്പോള്‍ മലക്കം മറിഞ്ഞ് മോഹനൻ... പിണറായിയെ സുഖിപ്പിച്ച് വാട്‌സ് ആപ്പ് വീഡിയോ, പിന്നെ മാപ്പും
Recommended Video

കോഴിക്കോട്: നിപ്പാ വൈറസ് പരക്കുന്നത് വവ്വാലുകളിലൂടെ ആണെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ശുദ്ധ നുണയാണെന്ന രീതിയില്‍ ആയിരുന്നു മോഹനന്‍ വൈദ്യര്‍ എന്ന് അറിയപ്പെടുന്ന ആള്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്ത് വിട്ടത്.
പേരാമ്പ്രയില്‍ നിന്ന് കൊണ്ടുവന്ന, വവ്വാല്‍ ചപ്പിയത് എന്ന് അവകാശപ്പെടുന്ന ചാമ്പക്കയും മാങ്ങയും കഴിച്ചുകൊണ്ടായിരുന്നു ഇയാളുടെ വെല്ലുവിളി. വൈറസ് ഉണ്ടെങ്കില്‍ താന്‍ നാളെ മരിക്കും എന്നായിരുന്നു ആ ഫേസ്ബുക്ക് വീഡിയോയിലൂടെ മോഹനന്‍ പറഞ്ഞിരുന്നത്.
ഇത് വലിയ വിവാദം ആണ് ഉണ്ടാക്കിയത്. ഇയാള്‍ക്കെതിരെ കേസ് എടുക്കണം എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി കൊടുക്കുകയും ചെയ്തു. ഒടുവില്‍ തൃത്താല പോലീസ് മോഹനന് എതിരേയും ജേക്കബ് വടക്കഞ്ചേരിക്കെതിരേയും കേസ് എടുക്കുകും ചെയ്തു. ഇതോടെ തന്റെ വാദത്തില്‍ നിന്ന് തന്നെ മലക്കം മറിഞ്ഞിരിക്കുകയാണ് മോഹനന്‍.

തെറ്റിദ്ധരിച്ചതാണെന്ന്...
നാട്ടുകാരോടും ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും ആയിട്ടാണ് മോഹനന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. താന്‍ ഇന്നലെ ഇട്ട വീഡിയോ നിങ്ങള്‍ തെറ്റിദ്ധരിച്ചു. താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും മോഹനന്‍ പറയുന്നു. താന്‍ മന്ത്രിസഭയ്‌ക്കോ രാഷ്ട്രീയത്തിനോ മതത്തിനും ഒന്നും എതിരല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

പിണറായിക്ക് പ്രകീര്‍ത്തനം
കാര്യത്തിലേക്ക് കടക്കും മുമ്പ് തന്നെ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുകയാണ് മോഹനന്‍. പിണറായി സര്‍ക്കാര്‍ പാരമ്പര്യ വൈദ്യത്തെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന സര്‍ക്കാര്‍ ആണത്രെ. പാരമ്പര്യ വൈദ്യന്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം എന്ന് ഷൈലജ ടീച്ചര്‍ പ്രസ്താവന ഇറക്കിയെന്നും പറയുന്നുണ്ട് മോഹനന്‍.

നമ്മുടെ സര്‍ക്കാര്‍, നമ്മുടെ മന്ത്രിസഭ
ഇത് നമ്മുടെ സര്‍ക്കാര്‍ ആണ്, നമ്മുടെ മന്ത്രിസഭയാണ്. ജനങ്ങളുടെ ആരോഗ്യത്തെ കാംക്ഷിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്തത് എന്നും പറയുന്നുണ്ട് മോഹനന്‍. മരിച്ച ആള്‍ക്കാര്‍ക്ക് (?) നഷ്ടപരിഹാരം കൊടുക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊന്നും സത്യമല്ലാതാകില്ലെന്നും പറയുന്നു മോഹനന്‍.

പറഞ്ഞത് ഇത്രയും ആണത്രെ...
അലോപ്പതിയും ആയുര്‍വേദവും, സിദ്ധയും ഹോമിയോയും എല്ലാം നമ്മുടെ വൈദ്യശാസ്ത്രങ്ങള്‍ ആണ്. അവരുടെ കൈയ്യില്‍ ഒക്കെ മരുന്നുണ്ടെന്ന് അവര്‍ പറയുന്നു. എല്ലാവരേയും ഉള്‍പ്പെടുത്തി ഒരു യോഗം ചേര്‍ന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആണ് താന്‍ പറഞ്ഞത് എന്നും വിശദീകരിക്കുന്നുണ്ട് മോഹനന്‍.

അലോപ്പതിയില്‍ മരുന്നില്ല
അലോപ്പതിയില്‍ ഈ രോഗത്തിന് മരുന്നില്ലെന്ന് അവര്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ മരുന്നുണ്ട് എന്ന് പറയുന്നു. അതുകൊണ്ടാണ്, എല്ലാവരേയും ചേര്‍ത്ത് യോഗം വിളിക്കാന്‍ താന്‍ പറഞ്ഞത്. അല്ലാതെ, ആരേയും അവഹേളിക്കാനോ ആക്ഷേപിക്കാനോ അല്ലെന്നും മോഹനന്‍ വിശദീകരിക്കുന്നു.

പൊതുജനങ്ങളുടെ ആരോഗ്യം
നമ്മുടെ ലക്ഷ്യം പൊതുജനങ്ങളുടെ ആരോഗ്യം ആണ്. അതിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ഭയം ഉന്‍മൂലനം ചെയ്യണം എന്നേ താന്‍ പറഞ്ഞുള്ളൂ. നല്ലത് ചെയ്യുന്നതിന്റെ കൂടെ എപ്പോഴും ഉണ്ടാവും.

അവര്‍ക്ക് കൊടുത്ത ഉത്തരം
ഒരു ഹര്‍ത്താലിന്റെ പ്രതീതി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം കൂടി ചേദിച്ചപ്പോള്‍, അവര്‍ക്ക് കൊടുത്ത ഉത്തരം മാത്രം ആയിരുന്നു അത്. ഇത് കാണിച്ചിട്ട് പത്ത് പൈസ ഉണ്ടാക്കുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യം എന്നും മോഹനന്‍ പറയുന്നുണ്ട്. തനിക്ക് പ്രശസ്തി ഉണ്ടാക്കാനും ആയിരുന്നില്ല അത് എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

തെറ്റിദ്ധാരണ മാറ്റാന്‍ ആണത്രെ
ആളുകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആണത്രെ അങ്ങനെ ചെയ്തത്. ഇതുവരെ രോഗം പടര്‍ന്നത് എങ്ങനെ എന്നതിന്റെ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല എന്ന കാര്യം സമ്മതിക്കുന്നുണ്ട് മോഹനന്‍. എന്നാല്‍ ഭീകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണത്രെ അങ്ങനെ പറഞ്ഞത്.

ഒടുവില്‍ മാപ്പ്
താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനും, തന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കില്‍ അതിനും സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വീഡിയോ കാണാം
വാട്‌സ് ആപ്പ് വീഡിയോ ആയിട്ടാണ് മോഹനന്റെ ഈ മാപ്പു പറച്ചില്‍ പ്രചരിക്കുന്നത്. അതിന്റെ വീഡിയോ കാണാം.

കഴിഞ്ഞ ദിവസം പറഞ്ഞത്
എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞത് ഇങ്ങനെ ഒന്നും ആയിരുന്നില്ല. പേരാമ്പ്രയില്‍ നിന്ന് കൊണ്ടുവന്നത് എന്നും വവ്വാല്‍ ചപ്പിയത് എന്നും അവകാശപ്പെടുന്ന പഴങ്ങള്‍ കഴിച്ചായിരുന്നു വെല്ലുവിളി. ഈ പറയുന്ന വൈറസ് ഉണ്ടെങ്കില്‍ താന്‍ നാളെ മരിക്കും എന്നായിരുന്നു വെല്ലുവിളി.
കഴിഞ്ഞ ദിവസത്തെ വീഡിയോ
സ്വന്തം ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം മോഹനന്‍ പുറത്ത് വിട്ട വീഡിയോ കാണാം.












Click it and Unblock the Notifications