'ഭിക്ഷാടകൻ', 'കോളനി', 'കറുത്ത പശു'; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ ഗുരുതര ആരോപണങ്ങൾ
കണ്ണൂരിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ സഹപാഠികൾ ഉന്നയിക്കുന്നത് കേട്ടാൽ അറയ്ക്കുന്ന ക്രൂരതകളുടെ വിവരങ്ങളാണ്. നിതിൻ രാജിനെ മാത്രമല്ല, മറ്റ് പല വിദ്യാർത്ഥികളെയും ഡോ. റാം വർഷങ്ങളായി അതിക്രൂരമായ ജാതീയ അധിക്ഷേപങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഇരയാക്കിയിരുന്നു എന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെയാണ് ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്.
കണ്ണില്ലാത്ത ക്രൂരത
വിദ്യാർത്ഥികളെ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തി 'ഭിക്ഷാടകനെപ്പോലെയുണ്ട്' എന്ന് പരസ്യമായി പരിഹസിക്കുന്നത് റാമിന് പതിവായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒരു വിദ്യാർത്ഥിയെ അയാളുടെ ചെരിപ്പ് ചൂണ്ടിക്കാണിച്ച് 'കോളനി' എന്ന് വിളിച്ചതായും, ഗോത്രവർഗ്ഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് വംശീയമായി അധിക്ഷേപിച്ചതായും ഗൗരവകരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഒരു അധ്യാപകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നു വിദ്യാർഥികൾ വ്യക്തമാക്കുന്നു.

കൂടുതൽ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ, ഒരു സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു വിദ്യാർത്ഥിയെ ചെരിപ്പ് വെച്ച് തല്ലിക്കാൻ ഡോ. റാം ശ്രമിച്ചു എന്നതാണ്. വിദ്യാർത്ഥികളെ മാനസികമായി തകർക്കാനും അവർക്കിടയിൽ വിവേചനം ഉണ്ടാക്കാനും ഇയാൾ ബോധപൂർവ്വം ശ്രമിച്ചിരുന്നു. മറ്റൊരു വിദ്യാർത്ഥിനിയെ 'കറുത്ത പശു' എന്ന് വിളിച്ച് ആക്ഷേപിച്ചതും, അയാളോടുള്ള ഭയം കാരണം ആ പെൺകുട്ടിക്ക് കരയാൻ പോലും സാധിക്കാത്ത അത്രയും ഭീകരമായ അന്തരീക്ഷമായിരുന്നു ഡിപ്പാർട്ട്‌മെന്റിൽ എന്നും വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.
അന്വേഷണം ഊർജിതം
നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതോടെ ഇരുവരും നിലവിൽ ഒളിവിലാണ്. ലോൺ ആപ്പുകളുടെ പ്രശ്നമാണോ നിതിന്റെ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും വിവേചനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബവും വിദ്യാർത്ഥികളും. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.












Click it and Unblock the Notifications