പത്താമുദയം: ബിഹാർ മുഖ്യമന്ത്രിയായി നീതിഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചിരാഗിന് ഉപമുഖ്യമന്ത്രി സ്ഥാനമില്ല
ബിഹാർ മുഖ്യമന്ത്രിയായി ജെ ഡി യു നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച നിതീഷ് കുമാറിന്‍റെ പത്താമത് സത്യപ്രതിജ്ഞയാണ് നാളെ നടക്കാന്‍ പോകുന്നത്. രാവിലെ 11.30 ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ച് കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നിരവധി കേന്ദ്രമന്ത്രിമാർ, എൻ ഡി എ - ബി ജെ പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. 150 പ്രത്യേക അഥിതികള്‍ക്കായും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ബിജെപി എംപി മനോജ് തിവാരിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മൈഥിലി താക്കൂറും മെഗാ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിനായി രണ്ട് വേദികളാണ് സജ്ജീകരിച്ചിട്ടുള്ള്. നിതീഷ് കുമാറിന് പുറമെ, സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്. ബി ജെ പിയില്‍ നിന്നും മംഗൾ പാണ്ഡെ, നിതിൻ നബിൻ, സഞ്ജയ് സരോഗി, നീരജ് കുമാർ ബബ്ലു, രേണു ദേവി, ഹരി സാഹ്നി എന്നിവർക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.
വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവോൺ കുമാർ, ജമാ ഖാൻ, ലെസി സിംഗ്, മദൻ സാഹ്നി, സുനിൽ കുമാർ, രത്നേഷ് സാദ എന്നിവരായിരിക്കും മന്ത്രിമാരാകുക. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പുതിയ മന്ത്രിസഭയിൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. രാജു തിവാരി, സഞ്ജയ് പാസ്വാൻ, മുരാരി പ്രസാദ് ഗൗതം എന്നിവരാണ് പരിഗണനയിലുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ചിരാഗ് പാസ്വാന്‍ ശക്തമായ സമ്മർദ്ദം ചെലുത്തിയെങ്കിലും ജെ ഡി യു നേതൃത്വം വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എ സ്നേഹ ലതയ്ക്ക് ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം)യിൽ നിന്നും, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും സന്തോഷ് കുമാർ സുമന് മന്ത്രിസ്ഥാനം ലഭിച്ചേക്കാം. കഴിഞ്ഞ സർക്കാരിരിലും സുമൻ മന്ത്രിയായിരുന്നു.












Click it and Unblock the Notifications