'ഇത് നിരുപദ്രവകരമായ തമാശയല്ല'; സോഷ്യല്‍ മീഡിയയില്‍ എഐ ചിത്രം പ്രചരിക്കുന്നതിന് എതിരേ നിവേദ തോമസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച തന്റെ വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി നിവേദ തോമസ്. ഇത് നിരുപദ്രവകരമായ തമാശയല്ലെന്നും മറിച്ച് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതികരിച്ച താരം ഇത്തരം ഡീപ് ഫേക്ക് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നിവേദ സമൂഹ മാധ്യമമായ എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. ഇത്തരം ക്രൂര വിനോദങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്നതാണ്. ഇനി അവഗണിക്കാനാവില്ലെന്നും താരം പറഞ്ഞു.

നേരത്തെ സമാനമായ രീതിയില്‍ തെലുങ്കു നടി ശ്രീലീലയുടെയും പ്രശസ്ത യൂട്യൂബര്‍ പായല്‍ ധാരെയുടെയും ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ രംഗത്തു വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് നിവേദയും ഈ പ്രശ്‌നത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തുവന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച സമീപകാല ചിത്രങ്ങള്‍ മാറ്റം വരുത്തിക്കൊണ്ടാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത് ഡിജിറ്റല്‍ ആള്‍മാറാട്ടമാണെന്നും സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും താരം ചൂണ്ടിക്കാട്ടി.
രശ്മിക മന്ദാന, ആലിയ ഭട്ട്, ഐശ്വര്യ റായ് അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ വ്യാജ എഐ ചിത്രങ്ങള്‍ പ്രചരിച്ചതിലൂടെ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, റോമന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടി നിവേദ തോമസും എഐയുടെ ക്രൂരവിനോദത്തിന് ഇരയായത്. സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പോലും നിര്‍മിക്കപ്പെടുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വ്യാജ ഉള്ളടക്കം നിര്‍മ്മിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരേ കര്‍ശന നടപടി എടുക്കുമെന്ന് നിവേദ മുന്നറിയിപ്പ് നല്‍കി. അജ്ഞാത അക്കൗണ്ടുകള്‍ വഴിയാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. ഇത്തരം ഡീപ് ഫേക്ക് ഉള്ളടക്കങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും, നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നും താരം ഫോളോവേഴ്‌സിനോടും ആരാധകരോടും സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും ആവശ്യപ്പെട്ടു. ഇത് തുടരുകയാണെങ്കില്‍ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്തതിന് നിയമപരമായി നേരിടുമെന്നും നിവേദ വ്യക്തമാക്കി.
സാങ്കേതിക വിദ്യ ജീവിതം ലളിതമാക്കാന്‍ വേണ്ടിയുള്ളതാണെന്നും അത് മറ്റൊരാളെ ഉപദ്രവിക്കാനായി ഉപയോഗിക്കരുതെന്നും നേരത്തെ ശ്രീലീലയും പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള സൈബര്‍ അതിക്രമങ്ങള്‍ സിനിമാ മേഖലയിലെ താരങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications