‘അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല‘; വിവാദത്തിൽ വിശദീകരണവുമായി ബേബി ഗേൾ സംവിധായകൻ
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ ഒരു പരാമർശം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്ന് കഴിഞ്ഞാൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് നടന്റെ പേരുപറയാതെ ലിസ്റ്റിൻ പറഞ്ഞത്.
എന്നാൽ ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞത് നിവിൻ പോളിയെക്കുറിച്ചാണ് എന്ന തരത്തിൽ ചർച്ച ഉയർന്നു. നിവിനെ നായകനാക്കി ഒരുക്കുന്ന ബേബി ഗേൾ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ ഇറങ്ങിപോയതാണ് പ്രശ്നത്തിന് കാരണമായതെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബേബി ഗേളിന്റെ സംവിധായകൻ അരുൺ വർമ. ബേബി ഗേളിന്റെ സെറ്റിൽ നിന്നും നായകനായ നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അരുൺ വർമ പറഞ്ഞു.

തന്റെ ചിത്രത്തിലെ നിവിന്റെ സീനുകളിൽ മുക്കാൽ ഭാഗവും തീർത്തുകഴിഞ്ഞെന്നും ബാക്കിയുള്ളതിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ തുടങ്ങുമെന്നും അരുൺ വർമ പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സംവിധായകനോടോ നടനോടോ വിളിച്ചുചോദിക്കാമായിരുന്നുവെന്നും അരുൺ വർമ പറഞ്ഞു.
' നിവിൻ സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. ലിസ്റ്റിൻ എന്താണ് പറഞ്ഞത് എന്നതിനെ പറ്റി അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ എന്റെ സിനിമയിൽ ഇപ്പോൾ പുറത്തുവരുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല. എന്റെ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഞങ്ങൾ അറിയാതെ വേറെ എവിടേക്കോ ഇറങ്ങിപ്പോയി എന്നതൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്, ' അരുൺ പറഞ്ഞു.
' ഞങ്ങളോട് പറഞ്ഞ ഡേറ്റിന് നിവിൻ വന്ന് അഭിനയിച്ചിരുന്നു. സിനിമയിൽ നിവിൻ അഭിനയിക്കാനുള്ള പ്രധാനഭാഗങ്ങളെല്ലാം ഞങ്ങൾ തീർത്തുകഴിഞ്ഞു, ഇനി കുറച്ച് ബാലൻസ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാനുള്ളത് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ പുനരാരംഭിക്കാൻ ഇരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഫേക്ക് ന്യൂസാണ്. എന്നോടൊ സിനിമയുടെ പ്രൊഡ്യൂസറോടൊ, നിവിനോടൊ ചോദിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ഒരു വാസ്തവവും ഇല്ല. ഞങ്ങളുടെ പടത്തിൽ നിവിനുണ്ട്. തുടർന്നും ഉണ്ടാകും അരുൺ പറഞ്ഞു.
ബേബി ഗേളിന്റെ സെറ്റിൽ നിന്ന് നിവൻ പോളി ഇറങ്ങിപ്പോയെന്നായിരുന്നു പ്രചാരണം. ലിസ്റ്റിൻ പേര് പറയാതെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നിവിനെതിരെ വിമർശനമുയർന്നത്. സോഷ്യൽ മീഡിയയിൽ നിവിനെതിരെ വ്യാപകമായ വിമർശനമുയർന്നു. ലിസ്റ്റിൻ നിർമിക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിലവിൽ നിവിൻ പോളി അഭിനയിക്കുന്നുണ്ട്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കഴിഞ്ഞദിവസം നിവിൻ ജോയിൻ ചെയ്തിരുന്നു. താമർ സംവിധാനം ചെയ്യുന്ന ഡോൾബി ദിനേശൻ എന്ന ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു.
' ബേബി ഗേളി ' ന്റെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നായിരുന്നു പ്രചാരണം. ചിത്രത്തിന്റെ സംവിധായകനായ അരുൺ വർമയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലിസ്റ്റിൻ ആരോപണമുയർത്തിയത് നിവിനെതിരെയാണെന്ന തരത്തിൽ സംസാരമുണ്ടായത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ബേബി ഗേൾ. പിന്നീടാണ് നിവിൻ പോളി ചിത്രത്തിലേക്ക് എത്തിയത്.












Click it and Unblock the Notifications