പ്രേമചന്ദ്രനിഷ്ടം കപ്പയും മീനും: മുകേഷിന് തലക്കറി വേണം, കൃഷ്ണകുമാറിന് പ്രിയം പരിപ്പിനോട്
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമതായതോടെ പല സ്ഥാനാർത്ഥികളുടേയും ദിനചര്യകളും ഭക്ഷണശീലങ്ങളുമൊക്കെ ആകെ മാറിയിരിക്കുകയാണ്. പലപ്പോഴും സമയത്തിന് ഭക്ഷണം കിട്ടാതെ വരികയോ സ്ഥിരം ശൈലിയില്‍ നിന്ന് വിട്ടുവീഴ്ചകള്‍ വരുത്തുകയോ വേണ്ടി വരും. എങ്കിലും എല്ലാവരും പരാമവധി കൃത്യമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ട്.
ഒരോ സ്ഥാനാർത്ഥികള്‍ക്കും തികച്ചും വ്യത്യസ്തമായ ഭക്ഷണ രീതികളാണുള്ളത്. കൊല്ലം മണ്ഡലത്തിലേക്ക് വരികയാണെങ്കില്‍ ഭക്ഷണ പ്രിയനാണ് യു ഡി എഫ് സ്ഥാനാർത്ഥിയും ആർ എസ് പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍. കപ്പയും കുടംപുളിയിട്ട നാടൻ മീൻകറിയും ഏറെ ഇഷ്ടമാണെന്നും പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീതാ പ്രേമചന്ദ്രന്‍ പറയുന്നു. ഉച്ചയ്ക്ക് ചോറിനൊപ്പം ചമ്മന്തിയും തൈരും വേണം. എപ്പോഴും വീട്ടില്‍ നിന്ന് കളിക്കാനാണ് ഇഷ്ടമെന്നും കേരള കൌമുദി റിപ്പോർട്ട് ചെയ്യുന്നു.

കടുപ്പത്തിലൊരു കട്ടനാണ് രാവിലെയുള്ള ആദ്യ ഭക്ഷണം. നേരത്തെയൊക്കെ പാല്‍ ചായ ആയിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാലും പാലുത്പന്നങ്ങളും ഒഴിവാക്കി. എങ്കിലും തൈര് ഇപ്പോഴും ഭക്ഷണത്തിന്റെ ഭാഗമാണ്. രാത്രി ചൂട് കഞ്ഞിയോടൊപ്പം തേങ്ങാപ്പാലാണ് പതിവ്. കൊഞ്ച് ഇഷ്ടമാണെങ്കിലും അലർജിയാണ് തടസ്സം. ചേനയും ചേമ്പും പുഴുക്കും അവിൽ കുതിർത്തതുമൊക്കെ പ്രേമചന്ദ്രന് ഇഷ്ട വിഭവങ്ങള്‍ തന്നെ.
ചെറുപ്പം മുതല്‍ മീന്‍ വിഭവങ്ങള്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വ്യക്തിയാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി മുകേഷ്. കൊല്ലംകാരുടെ വിഭവമായ തലക്കറി, അതും ചെമ്പല്ലിയുടെയോ അഴുകയുടേതുമാണെങ്കില്‍ മുകേഷിന് വേറെയൊന്നും വേണ്ട. കരിമീനും ഏറെയിഷ്ടം. രാവിലെ രണ്ട് താറാവ് മുട്ട മാത്രമാണ് കഴിക്കുന്നത്. മീനിനോടാണ് പ്രിയമെങ്കിലും പച്ചക്കറികളും ധാരാളം കഴിക്കും. രാത്രി ചപ്പാത്തിയും സലാഡുമാണ് പതിവ്.
മുകഷിനേപ്പോലെ ചോറിനോട് വലിയ താല്‍പര്യമില്ലാത്ത വ്യക്തിയാണ് എന്‍ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. റാഗി ഉപയോഗിച്ചുള്ള ദോശ, ഉച്ചയ്ക്ക് ചപ്പാത്തി എന്നിവയാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം. വെജിറ്റബിൾ കറി അല്ലെങ്കിൽ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളും ഉണ്ടാകും. ദാൽ കറി കിട്ടിയാൽ മറ്റൊന്നും വേണ്ട, വെണ്ടയ്ക്ക വറുത്ത് തൈര് ചേർത്തുണ്ടാക്കുന്ന ഒഴിച്ചു കറിയും പാവയ്ക്ക കൊണ്ടുള്ള കറിയും ചേമ്പും കാച്ചിലും ചേർത്തുള്ള അസ്ത്രവുമാണ് ഇഷ്ട വിഭവങ്ങള്‍. രാത്രി ഭക്ഷണം വളരെ ലളിതം. നോണ്‍ വെജ് കഴിക്കുമെങ്കിലും അത്രപ്രിയമില്ല.












Click it and Unblock the Notifications