ജിഎസ്ടിയെക്കുറിച്ച് പ്രേമചന്ദ്രന് അടിസ്ഥാന വിവരം പോലുമില്ല; വാദം പൊളിച്ച് തോമസ് ഐസക്
യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. കേരളത്തിനോടു എത്രമാത്രം ദ്രോഹം ചെയ്യാനാകുമെന്നതിലാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ മുന്‍ധനമന്ത്രി തോമസ് ഐസക്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ച എന്‍ കെ പ്രേമചന്ദ്രന് എംപിക്ക് ഇത് സംബന്ധിച്ച അടിസ്ഥാനവിവരം പോലും ഇല്ല എന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലെ പൂര്‍ണരൂപം ഇങ്ങനെയാണ്...
രണ്ടാഴ്ച ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇവിടുത്തെ ജി.എസ്.ടി കോലാഹലങ്ങള്‍ ഇപ്പോഴാണ് വായിച്ചത്. കുരുടന്മാര് ആനയെ കണ്ടതുപോലെയാണ് ചര്‍ച്ചകള്‍ പോകുന്നത്. പ്രേമചന്ദ്രന്റെ ചോദ്യങ്ങള്‍ വായിച്ചാല്‍ ജി.എസ്.ടിയെക്കുറിച്ചുള്ള അടിസ്ഥാനവിവരം വളരെ കമ്മിയാണെന്ന് പറയേണ്ടിവരും. ഉള്ളവിവരംവച്ച് എങ്ങനെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാം എന്നതില്‍ മാത്രമാണ് അദ്ദേഹത്തിന്റെ നോട്ടം. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ ഒരാവര്‍ത്തികൂടി വായിക്കൂ
(1) 'ജി.എസ്.ടി നഷ്ടപരിഹാരം, റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എന്നിവ കൃത്യമായി വിതരണം ചെയ്യുന്നില്ല...'
??ജി.എസ്.ടി നഷ്ടപരിഹാര കുടിശിക സംബന്ധിച്ച തര്‍ക്കം കോവിഡ് കാലത്താണ് രൂക്ഷമായത്. വലിയ വിവാദങ്ങള്‍ക്കുശേഷം പ്രശ്നം പരിഹരിച്ചു. സംസ്ഥാന ധനമന്ത്രി അറിയിച്ചിട്ടുള്ളതുപോലെ 42639 കോടി രൂപ നഷ്ടപരിഹാരം കേരളത്തിന് ലഭിക്കേണ്ടതില്‍ 750 കോടിയേ ബാക്കിയുള്ളൂ. തര്‍ക്കം ജി.എസ്.ടി നഷ്ടപരിഹാരത്തെക്കുറിച്ചല്ല. മറിച്ച് നഷ്ടപരിഹാര സ്കീം അടുത്ത ഏതാനും വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതു സംബന്ധിച്ചാണ്.
(2) 'ഇന്റഗ്രേറ്റഡ് ജി.എസ്.ടി പൂളില്‍നിന്നു സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം ഐ.ജി.എസ്.ടി വിഹിതം കേന്ദ്രം വിതരണം ചെയ്യുകയാണ് പതിവ്.''
??തെറ്റ്. ഐ.ജി.എസ്.ടി വിതരണവും സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയും തമ്മില്‍ ഒരു ബന്ധവുമില്ല. അന്തര്‍സംസ്ഥാന വ്യാപാരത്തിന്റെ ഓണ്‍ലൈനായുള്ള ഇവേ-ബില്ലുകളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള പ്രത്യേക പൊതുമേഖലാ കമ്പനി (ജി.എസ്.ടി.എന്‍) കണക്കുകൂട്ടി ഐ.ജി.എസ്.ടിയുടെ പകുതി തുക സംസ്ഥാനങ്ങള്‍ക്കു കൈമാറുകയാണു പതിവ്. അല്ലാതെ സിഎജിയുടെ ഓഡിറ്റഡ് അക്കൗണ്ട് സമര്‍പ്പിക്കാത്തതുകൊണ്ടാണ് ഐ.ജി.എസ്.ടി ലഭിക്കാത്തത് എന്നത് വലിയൊരു അസംബന്ധമാണ്.
(3) 'ഐ.ജി.എസ്.ടി ഇനത്തില്‍ വര്‍ഷംതോറും കേരളത്തിന് കിട്ടാനുള്ള അയ്യായിരം കോടി രൂപ കുടിശ്ശിക ആയിട്ടുണ്ട്...'
??തെറ്റ്. ഐ.ജി.എസ്.ടിയില്‍ കുടിശിക വരില്ല. ചിലപ്പോള്‍ റിട്ടേണുകളില്‍നിന്ന് ഏതു സംസ്ഥാനത്തേക്കുള്ള സപ്ലൈയാണെന്നു വ്യക്തമാകാതെ വരാം. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരം തുകകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍ കുമിഞ്ഞുകൂടുമായിരുന്നു. ജി.എസ്.ടി കൗണ്‍സിലില്‍ ഇതു ചര്‍ച്ചയുമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം തുകകള്‍ അഡ്ഹോക്ക് ആയിട്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണു പതിവ്. ഇപ്പോള്‍ ഐറ്റി സംവിധാനം ശക്തമായതോടെ ഇത്തരം കണക്ക് പിശകുകള്കൊണ്ട് കേന്ദ്ര അക്കൗണ്ടില്‍ കുന്നുകൂടുന്ന പണം വളരെ ചെറുതാണ്.
(4) 'ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയില്നിന്ന് എനിക്കറിയാനുള്ള കാര്യങ്ങള്‍ ഇവയാണ്: കേരളം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐ.ജി.എസ്.ടി ഇനത്തില്‍ എത്ര കോടി രൂപ ക്ലെയിം ചെയ്തിട്ടുണ്ട്? എത്ര കോടി രൂപ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്?''
??തെറ്റ്. ഐ.ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ ഒരു തുകയും ക്ലെയിം ചെയ്യുന്ന പതിവില്ല. കേന്ദ്രം തന്നതിന്റെ കണക്കൊന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞതുമില്ല. പ്രേമചന്ദ്രന് അതില്‍ ആക്ഷേപവുമില്ല.
കേരളം ജി.എസ്.ടിയില്‍ ചേരാന്‍ തീരുമാനിച്ചത് ഐ.ജി.എസ്.ടിയില്‍ നിന്ന് ഗണ്യമായ വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ്. വിശദീകരിക്കാം.
ജി.എസ്.ടിക്കു മുമ്പ് വാറ്റ് ആയിരുന്നല്ലോ നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം. വാറ്റ് നികുതി സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള വ്യാപാരത്തിനുമേലെ മാത്രമേ ചുമത്താന്‍ കഴിയൂ. അന്തര്‍സംസ്ഥാന വ്യാപാരത്തിനുമേല്‍ ചെറിയ നിരക്കിലുള്ള കേന്ദ്ര വില്‍പ്പനനികുതിയാണ് ചുമത്തിയിരുന്നത്. കേരളത്തിന്റെ ഉപഭോഗത്തിന്റെ 60-70 ശതമാനം സംസ്ഥാനത്തിനു പുറത്തു നിന്നാണ് വരുന്നത്. അങ്ങനെ കൊണ്ടുവരുന്ന ചരക്കുകള്‍ കേരളത്തില്‍ വ്യാപാരം നടത്തിയാല്‍ മാത്രമേ വാറ്റ് നികുതി പിരിക്കാനാവൂ.

സ്വന്തം ഉപഭോഗത്തിനായുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, യന്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ പുറത്തു നിന്നാണു വരുന്നതെങ്കില്‍ വാറ്റ് നല്‍കേണ്ടതില്ല. ഇത് മറികടക്കുന്നതിനുവേണ്ടിയാണ് കേരളം പ്രവേശന നികുതി (എന്‍ട്രി ടാക്സ്) എന്ന നികുതി കൊണ്ടുവന്നത്. പുറത്തുനിന്നും കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് ചെക്ക്പോസ്റ്റില്‍ നിര്‍ണ്ണയിക്കപ്പെട്ട നികുതി നല്‍കിയാലേ കേരളത്തില്‍ പ്രവേശിക്കാനാവൂ. ഈ നിബന്ധന ഭൂരിപക്ഷം ചരക്കുകള്‍ക്കും ബാധകമാക്കിയതോടെ കേരളത്തിന്റെ നികുതി ഏതാണ്ട് 20 ശതമാനംവച്ച് 2006-07 മുതല്‍ 2012-13 വരെയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു.
എന്നാല്‍ സുപ്രിംകോടതി എന്‍ട്രി ടാക്സ് ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ വാറ്റ് നികുതി വര്‍ദ്ധനവ് 2013-14 മുതല്‍ 10 ശതമാനത്തിലേക്കു താഴ്ന്നു. യുഡിഎഫ് ഭരണം മാറി എല്‍ഡിഎഫ് വന്നിട്ടും ഇതു തന്നെയായിരുന്നു സ്ഥിതി. ഈ പശ്ചാത്തലത്തിലാണ് ജി.എസ്.ടിയിലേക്കു മാറാന്‍ നിലപാട് എടുത്തത്. പുറത്തുനിന്നും കേരളത്തിലേക്കു കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ കൊടുക്കുന്നത് ഐ.ജി.എസ്.ടി ആണല്ലോ.
ഇതാവട്ടെ ഉപഭോക്തൃ സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അങ്ങനെ ജി.എസ്.ടി നമ്മുടെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്ദ്ധനയുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ അല്ല ജി.എസ്.ടിയുടെ അനുഭവം ഉണ്ടായത്. ഞാന്‍ നിയമസഭയില്‍ തന്നെ പലവട്ടം പറഞ്ഞിട്ടുള്ള ഒരു കാര്യം സംസ്ഥാന സര്‍ക്കാര്‍ കേരളത്തിനുള്ളില്‍ നിന്നു പിരിക്കുന്ന സംസ്ഥാന ജി.എസ്.ടിയുടെ ഇരട്ടിവരെ ഐ.ജി.എസ്.ടി ഉയരുമെന്നാണ്.
എന്നാല്‍ എസ്.ജി.എസ്.ടിയുടെയും ഐ.ജി.എസ്.ടിയുടെയും വരുമാനം ഇന്ന് ഏതാണ്ട് തുല്യമാണ്. അതുകൊണ്ട് കേരളത്തിന്റെ ഐ.ജി.എസ്.ടിയില്‍ വലിയ ചോര്‍ച്ചയുണ്ട് എന്നത് പരസ്യമായി എടുത്തുവന്നിരുന്ന നിലപാടാണ്.
രണ്ട് കാരണങ്ങള്‍കൊണ്ട് ഇങ്ങനെ സംഭവിക്കാം. ഒന്ന്) ഇവേ-ബില്‍ ഇല്ലാതെ കേരളത്തിലേക്ക് ചരക്കുകള്‍ കൊണ്ടുവരുന്നു. ഇതു നികുതി വെട്ടിപ്പാണ്. ഇതു തടയുന്നതിന് അനിവാര്യമായ ഐറ്റി സംവിധാനം ഉറപ്പാക്കുന്നതില്‍ കേന്ദ്രം പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇവേ-ബില്‍ സമ്പ്രദായം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായത് കോവിഡുശേഷം മാത്രമാണ്.

നേരത്തെ ഇവേ-ബില്‍ ചരക്ക് കടത്തുന്ന വേളയില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധം ഉണ്ടായിരുന്നുവെങ്കിലും തത്സമയം ഇലക്ട്രോണികായി ഇതു പരിശോധിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങള്‍ കേരളം തയ്യാറാക്കിയിരുന്നെങ്കിലും അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ചെക്ക്പോസ്റ്റ് ഇല്ലാത്തതുകൊണ്ട് പഴയതുപോലെ വണ്ടികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനും കഴിയില്ല. ഇപ്പോള്‍ മാത്രമാണ് ഇവേ-ബില്‍ സമ്പ്രദായം സ്വര്ണ്ണത്തിനൊഴികെ ബാക്കി ചരക്കുകളില്‍ പൂര്‍ണ്ണതയില്‍ എത്തിയത്.
രണ്ട്) ഐ.ജി.എസ്.ടിയില്‍ നിന്ന് സംസ്ഥാന ജി.എസ്.ടിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് സെറ്റ് ഓഫ് ചെയ്യുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലേക്കുള്ള ഐ.ജി.എസ്.ടിയില്‍ നിന്ന് എത്രമാത്രം സംസ്ഥാന ജി.എസ്.ടിയുടെ സെറ്റ് ഓഫ് ഉണ്ടാകുന്നുണ്ട് എന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടി ഉണ്ടാകണം.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതിനുപകരം കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഇവേ-ബില്‍ ഫലപ്രദമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറ്റകരമായ വീഴ്ചയെ വെള്ളപൂശുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജി.എസ്.ടി നികുതി സമ്പ്രദായം പൂര്‍ണ്ണതയില്‍ എത്തുന്നതുവരെ 14 ശതമാനം വച്ച് നികുതി വരുമാന വര്‍ദ്ധനയ്ക്കുള്ള ഗ്യാരണ്ടി നിലനിര്‍ത്തുകയും നഷ്ടപരിഹാര സമ്പ്രദായം തുടരുകയുംവേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതിനെ പിന്തുണയ്ക്കുന്നതിനു പകരം എത്രമാത്രം ദ്രോഹം കേരളത്തിനോടു ചെയ്യാനാകുമെന്നതിലാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രദ്ധ.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications