എൻഎം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ
വയനാട്: ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എം എൽ എ അറസ്റ്റിൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് എം എൽഎ യ്ക്കെതിരെ ചുമതിയത്. കേസിൽ ഒന്നാം പ്രതിയാണ് എം എൽ എ. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനാൽ അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ ദിവസം കോണിച്ചിറയിലുള്ള എം എൽ എയുടെ വസതിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ പുത്തൂർവയലിലുള്ള ജില്ലാ പോലീസ് ക്യാമ്പിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു. സുൽത്താൻ ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അതേസമയം എൻ എം വിജയന്റെ കത്തിൽ പറഞ്ഞ സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ന് ചോദ്യം ചെയ്യലിനിടയിലും എം എൽ എ ആവർത്തിച്ചത്.
കേസിൽ നേരത്തേ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നൽകാൻ എൻ എം വിജയൻ എഴുതിയ കത്തിൽ മൂവരുടേയും പേര് പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എം എൽ എ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
അതിനിടെ എൻ എം വിജയന്റെ ആത്മഹത്യയിൽ കെ പി സി സി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിന്റെ പരാതിയിൽ ന്യായമുണ്ടെന്നാണ് നാലംഗ റിപ്പോർട്ടിൽ പറയുന്നത്. എൻ എം വിജയന്റെ അക്കൗണ്ടിൽ 1 കോടി 76 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെന്നും പലര‍്ക്കും നേരിട്ട് പണം നൽകാൻ ഉണ്ടായിരുന്നുവെന്നും കുടുംബം കമ്മീഷനോട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് സംരക്ഷണം നൽകണമെന്നും സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ സംബന്ധിച്ച് പാർട്ടി കൃത്യമായി ഇടപെടണമെന്നും പാർട്ടി തെറ്റായ പ്രവണതകൾ തടയണമെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications