കോണ്‍ഗ്രസ് വെട്ടില്‍: എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയുടേയും ഡിസിസി അധ്യക്ഷന്റേയും പേര്
കല്‍പ്പറ്റ: മകനോടൊപ്പം ആത്മഹത്യ ചെയ്ത വയനാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡി സി സി ട്രഷററുമായ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടേയും ഡി സി സി അധ്യക്ഷന്റേയും പേര്. കുടുംബത്തിന്, മൂത്തമകന്, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്, പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്നിങ്ങനെ വിവിധ മരണക്കുറിപ്പുകളാണ് എന്‍ എം വിജയന്‍ തയ്യാറാക്കിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കുടുംബമാണ് കത്തുകള്‍ പുറത്തുവിട്ടത്. 'അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവെച്ച നാല് കത്തും പുറത്തുവിടണം. അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം.' എന്ന് കുടുംബത്തിന് എഴുതിയ കത്തില്‍ എന്‍ എം വിജയന്‍ പറയുന്നുണ്ട്.

ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്ന് വ്യക്തമാക്കുന്നത് കെ പി സി സി അധ്യക്ഷനായി എഴുതിയ കത്തുകളിലാണ്. പ്രശ്നം വന്നപ്പോള്‍ പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞു. എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്. ഐസി ബാലകൃഷ്ണനും ഡി സി സി അധ്യക്ഷന്‍ എൻഡി അപ്പച്ചനും പണം വാങ്ങി. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് തിരിഞ്ഞതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അവകാശപ്പെടുന്നത്. കുറിപ്പിനെപ്പറ്റി പൊലീസ് കൃത്യമായി അന്വേഷിക്കട്ടെ. സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കാം. താന്‍ രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐസി ബാലകൃഷ്ണന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സി പി എം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. 'യഥാർത്ഥത്തിൽ ഡി സി സി ട്രഷറർ എൻ എം വിജയൻ മരിച്ചതല്ല കോൺഗ്രസ് നേതൃത്വം കൊന്നതാണ് . ഐ സി ബാലൃഷ്ണൻ എം എല്‍ എയുടേയും കോൺഗ്രസ് നേതൃത്വത്തിൻ്റെയും പങ്ക് വ്യക്തമാക്കുന്ന കുറിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം. ഐ സി ബാലകൃഷ്ണൻ എം എല്‍ എ സ്ഥാനം രാജിവെക്കണം. വിഷയത്തില്‍ സി പി എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.' എന്നും കെ റഫീഖ് വ്യക്തമാക്കി.












Click it and Unblock the Notifications