ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ മുന്നേറ്റത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പറ്റില്ല: കോടിയേരി
തിരുവനന്തപുരം: കോൺഗ്രസ് മൊത്തത്തിൽ വലത്തോട്ടും ഹിന്ദുത്വ ശക്തികളോട് ആനുകൂല്യമുള്ളതുമായ ഒരു കക്ഷിയായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അതുകൊണ്ടുതന്നെ, ആർഎസ്‌എസിനെയും ബിജെപിയെയും നേരിടാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിൽ കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യം പറ്റില്ല. യുപിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചപ്പോൾ സമാജ്‌വാദി പാർടിക്ക് സീറ്റ് ഗണ്യമായി കുറഞ്ഞു. ഇത്തവണ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ നാലിരട്ടി സീറ്റ് എസ്‌പിക്ക് സമ്പാദിക്കാനായി. അത് കോൺഗ്രസുമായി സഖ്യമുണ്ടാക്കാതിരുന്നതിന്റെ ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമുള്ളതാണ്. കോൺഗ്രസ് നേരിടുന്ന തകർച്ചയുടെ ആഴവും ആക്കവും ഇത് വർധിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതൃത്വമായിരുന്നു ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുവരെ ഈ കക്ഷി. എന്നാൽ, ഇന്ന് ന്യൂനപക്ഷം ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന ഒരു പാർടിയായി. ഈ അധോഗതിയുടെ വേഗത കൂടി എന്നാണ് കൈയിലിരുന്ന പഞ്ചാബ് നഷ്ടപ്പെടുകയും യുപിയിൽ നാമമാത്ര വോട്ടിലേക്ക് ഒതുങ്ങുകയും ചെയ്തതിലൂടെ വ്യക്തമാകുന്നത്.
കോൺഗ്രസിന്റെ മുഴുവൻ ചരിത്രത്തിലെയും ധാർമികവും രാഷ്ട്രീയവുമായ ഏറ്റവും വലിയ പരാജയമാണ് ആ പാർടിക്ക് സമ്മതിദായകർ നൽകിയിരിക്കുന്നത്. യുപി കോൺഗ്രസിന്റെ തട്ടകമായിരുന്നു. മറ്റ് കക്ഷികൾക്ക് അവിടം ബാലികേറാ മലയായിരുന്നു. അവിടെ മത്സരിച്ച 399 സീറ്റിൽ 387ലും കോൺഗ്രസിന് കെട്ടിവച്ച കാശുപോയി. രണ്ടിടത്താണ് ജയിച്ചത്. കിട്ടിയത് 2.4 ശതമാനം വോട്ടുമാത്രം. പ്രിയങ്ക മുന്നിൽനിന്നു നയിച്ച യുദ്ധത്തിലാണ് ഈ മണ്ണുകപ്പൽ. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി പദവിയിൽനിന്ന് പുറത്താക്കി ചരൺജിത്ത് സിങ് ചന്നിയെ കസേരയിലിരുത്തി നടത്തിയ പഞ്ചാബ് പരീക്ഷണവും പാളി. വോട്ടെടുപ്പ് വേളയിൽ പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും ചന്നിയും പരസ്യമായി ഏറ്റുമുട്ടി. ജനം ഇവരെയെല്ലാം തോൽപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള "സെമിഫൈനൽ' എന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിലെ തകർച്ച സംഘടനാപരമായി മാത്രമല്ല, രാഷ്ട്രീയമായും കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലെത്തിച്ചു. താൽക്കാലിക അധ്യക്ഷയായ സോണിയ ഗാന്ധി നയിക്കുന്ന നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്. തോറ്റ സ്ഥലത്തെ പിസിസി നേതൃത്വങ്ങളോട് സ്ഥാനമൊഴിയാൻ കൽപ്പിച്ചിരിക്കുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബാംഗങ്ങളെല്ലാം സ്ഥാനമൊഴിയാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഡൽഹിയിൽ പ്രവർത്തകസമിതി ചേർന്ന് അവർ തൽസ്ഥാനത്ത് തുടരാൻ തീരുമാനിച്ചു. കോൺഗ്രസിന് ആര് പ്രസിഡന്റാകണം, ആര് പ്രവർത്തകസമിതിയിൽ ഉണ്ടാകരുത് എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരവും അവകാശവും ആ കക്ഷിക്കുള്ളതാണ്.
പക്ഷേ, കോൺഗ്രസ് നേതൃത്വത്തിലുള്ള ജി-- 23 എന്ന പേരിൽ വിളിക്കപ്പെടുന്ന ഒരു വിഭാഗം പ്രബല നേതാക്കൾ നിലവിലുള്ള നേതൃത്വത്തിനെതിരെ കലാപതുല്യമായ പ്രതിഷേധം പലതരത്തിൽ ഉയർത്തുകയാണ്. പഞ്ചാബിൽ ചന്നിയെ മുഖ്യമന്ത്രിയാക്കാൻ രാഹുലിന് ആര് അധികാരം നൽകിയെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ ചോദിക്കുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് വേണമെന്നും ആവശ്യപ്പെടുന്നു. 137 എംപിമാരും എംഎൽഎമാരും ബിജെപിയിലേക്ക് പോയതിന് ഉത്തരം പറയേണ്ടത് ആര് എന്ന ചോദ്യവും സോണിയ കുടുംബത്തിനെതിരെ കപിൽ ഉയർത്തിയിട്ടുണ്ട്. ഗുലാം നബി ആസാദ്, മുകുൾ വാസ്നിക് മുതൽ ശശി തരൂർവരെ ജി--23 സംഘത്തിലുണ്ട്. ഗാന്ധി കുടുംബത്തെ മാറ്റി കോൺഗ്രസ് ജി--23 കാരെ ഏൽപ്പിച്ചാൽ, താമസം വിനാ ഇക്കൂട്ടർ പാർടിയെ ബിജെപിക്കും മോദിക്കും കച്ചവടം ചെയ്യുമെന്നാണ് രാഹുൽ പക്ഷക്കാരുടെ കുറ്റാരോപണം. അത് അസംബന്ധമെന്ന് മറുപക്ഷം. എന്തായാലും കോൺഗ്രസ് നേരിടുന്ന സംഘടനാ പ്രതിസന്ധി നിസ്സാരമല്ല. സോണിയ ഗാന്ധിക്ക് പകരം മറ്റൊരു നേതാവിനെ പ്രസിഡന്റാക്കിയതു കൊണ്ടുമാത്രം പരിഹരിക്കപ്പെടാവുന്നതല്ല ഇത്. സംഘടനയിൽ സ്വേച്ഛാപ്രവണതയും കുടുംബാധിപത്യവും തുടരുന്നു എന്നതിനൊപ്പം ഈ പാർടി നേരിടുന്ന പ്രധാന വെല്ലുവിളി രാഷ്ട്രീയ നയസമീപനത്തിന്റേതാണ്.
ആർഎസ്എസ് നിയന്ത്രണത്തിൽ മോദി സർക്കാർ സൃഷ്ടിച്ചെടുത്ത കോർപറേറ്റ്--വർഗീയ സഖ്യത്തെ ചെറുത്തുതോൽപ്പിക്കാനുള്ള രാഷ്ട്രീയ ആർജവം ഉണ്ടാകണമെന്നതാണ് പ്രധാനം. ബിജെപിയുടെ വർഗീയ ആയുധങ്ങളും കോർപറേറ്റ് അനുകൂല സാമ്പത്തികനയവും സ്വകാര്യവൽക്കരണവും മുറുകെ പിടിക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയസമീപനം. അത് പൊളിച്ചെഴുതുന്നതിന് ആ കക്ഷിക്ക് കഴിയില്ല എന്നത് ജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യമാകുന്നു. അതാണ് അഞ്ച് സംസ്ഥാനത്തെ ഫലം പൊതുവിൽ നൽകുന്ന സന്ദേശം.
സോണിയ ഗാന്ധി പ്രസിഡന്റായി തുടരുന്ന കോൺഗ്രസിൽ നെഹ്റു മുതലുള്ളവർ പ്രസിഡന്റുമാരായിട്ടുണ്ട്. 1929ലാണ് നെഹ്റു ആദ്യം പ്രസിഡന്റാകുന്നത്. അദ്ദേഹത്തെ കോൺഗ്രസിലെ ഒരു ഇടതുപക്ഷക്കാരനായാണ് അംഗീകരിച്ചത്. ജയപ്രകാശ് നാരായൺ ഉൾപ്പെടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ മൂന്ന് പേരെ അന്ന് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തി. നെഹ്റു കോൺഗ്രസ് പ്രസിഡന്റ് പദവി പിന്നീട് പലവട്ടം ഏറ്റെടുത്തു. ആ കാലംമുതൽ കോൺഗ്രസിൽ ഇടതുപക്ഷം, വലതുപക്ഷം എന്ന നിലയിലുള്ള ഏറ്റുമുട്ടൽ നടന്നിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇന്ന് തകർച്ച നേരിടുന്ന കോൺഗ്രസിലെ ആഭ്യന്തരകലഹത്തിൽ അപ്രകാരം ഇടതുപക്ഷം, വലതുപക്ഷം എന്ന ചേരിതിരിവ് പ്രകടമായി വളർന്നിട്ടില്ല. ഹിന്ദുത്വ അജൻഡയോ മതനിരപേക്ഷ അജൻഡയോ ഏതാണ് കോൺഗ്രസിനെ നയിക്കേണ്ടത് എന്ന വിഷയത്തിൽ തർക്കമുണ്ട്. ഇത് കോൺഗ്രസ് നേതൃത്വവും അണികളും തമ്മിലുള്ള വിടവായി വളരുന്നുണ്ട്. ഈ പ്രക്രിയയിൽ അണികൾക്കൊപ്പം നിൽക്കുന്ന മതനിരപേക്ഷ കോൺഗ്രസ് നേതാക്കളോട്, അതതു സംസ്ഥാനത്ത് അവർ എടുക്കുന്ന നിലപാടുകൾ നോക്കി അതതു സംസ്ഥാനത്തെ മതനിരപേക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ക്രിയാത്മക സമീപനം സ്വീകരിക്കും.കോൺഗ്രസ് മൊത്തത്തിൽ വലത്തോട്ടും ഹിന്ദുത്വ ശക്തികളോട് ആനുകൂല്യമുള്ളതുമായ ഒരു കക്ഷിയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ആർഎസ്‌എസിനെയും ബിജെപിയെയും നേരിടാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിൽ കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യം പറ്റില്ല. യുപിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചപ്പോൾ സമാജ് വാദി പാർടിക്ക് സീറ്റ് ഗണ്യമായി കുറഞ്ഞു. ഇത്തവണ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ നാലിരട്ടി സീറ്റ് എസ്‌പിക്ക് സമ്പാദിക്കാനായി. അത് കോൺഗ്രസുമായി സഖ്യമുണ്ടാക്കാതിരുന്നതിന്റെ ഗുണമാണ്.
അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ഭാവി ഉറപ്പാക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. രാജ്യത്തിന് വിനാശകരമായ മോദി ഭരണത്തിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ അറുതിവരുത്തണം എന്നത് ദേശീയ ആവശ്യമാണ്. അതിനുള്ള ഇടം ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു. 80 ലോക്സഭാ സീറ്റുള്ള യുപിയിൽ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ സീറ്റ് കുറഞ്ഞു. മൂന്നിടത്ത് കെട്ടിവച്ച കാശ് പോയി. വോട്ട് ശതമാനമാകട്ടെ 41.29 ശതമാനം. ഇതിനർഥം 58.71 ശതമാനം വോട്ട് ബിജെപിക്ക് എതിരാണ് എന്നാണ്. അതുപോലെ, എസ്‌പിക്ക് 125 സീറ്റ് കിട്ടി. കോൺഗ്രസും ഒവൈസിയും രണ്ടായിരമോ മൂവായിരമോ വോട്ടൊക്കെ പല മണ്ഡലത്തിലും പിടിച്ചപ്പോൾ എസ്‌പിക്ക് നഷ്ടമായത് 34 സീറ്റാണ്. ബിജെപിയെ മുട്ടുകുത്തിക്കുക എന്നതായിരുന്നു കോൺഗ്രസ് നയമെങ്കിൽ 399 സീറ്റിൽ സ്ഥാനാർഥികളെ നിർത്തി ബിജെപിയെ കോൺഗ്രസ് സഹായിക്കില്ലായിരുന്നു. വോട്ടിങ്ങിന്റെ കണക്കുകൾ പരിശോധിച്ചാൽ ബിജെപിയുടെ അജയ്യത എന്നത് പൊള്ളയാണെന്ന് കാണാം.
രാജ്യം തീർത്തും ഒരു പുതിയ രാഷ്ട്രീയ സ്ഥിതിയെ അഭിമുഖീകരിക്കുകയാണ്. ഇവിടെ ബിജെപിക്ക് അജയ്യത എന്നത് മിഥ്യാ സങ്കൽപ്പമാണ്. ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുവർഗീയതയെയും മോദി സർക്കാരിന്റെ നവലിബറൽ നയങ്ങളെയും പരാജയപ്പെടുത്താൻ മതനിരപേക്ഷ--ഇടതുപക്ഷ ബദലാണ് ആവശ്യം. വർഗീയതയ്ക്കും കോർപറേറ്റ് നയങ്ങൾക്കുമെതിരെ വർഗാടിസ്ഥാനത്തിൽ കർഷകരെയും തൊഴിലാളികളെയും ഇതര വിഭാഗങ്ങളെയും സമരസജ്ജരാക്കി അണിനിരത്തുകയാണ് വേണ്ടത്. ഇതിനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതും ജനജീവിതം മെച്ചപ്പെടുത്തുന്ന ഭരണനടപടികളും നയങ്ങളും നടപ്പാക്കുന്നതുമായ ഭരണസംവിധാനമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഈ രാഷ്ട്രീയ പ്രത്യേകത മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് കഴിയുന്നില്ല. യുഡിഎഫും ബിജെപിയും ഒക്കച്ചങ്ങാതിമാരായി എൽഡിഎഫ് സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ്. ദേശീയമായി തകർച്ച നേരിടുന്ന കോൺഗ്രസിന്റെ സംസ്ഥാന ഘടകവും അത് നയിക്കുന്ന മുന്നണിയും പുലർത്തുന്ന എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പാപ്പരത്തം ജനങ്ങൾ നാൾക്കുനാൾ തിരിച്ചറിയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications