ദിലീപിനെ കണ്ടത് വലിയ കുറ്റമായി കൊട്ടിഘോഷിക്കപ്പെട്ടു... നടിയെ കണ്ടത് ആരുമറിഞ്ഞില്ലെന്ന് കെസിഎസി ലളിത
തൃശൂര്‍: മലയാള സിനിമയിലെ ഇടതുപക്ഷ ജനപ്രതിനിധികളടക്കമുള്ള ഭൂരിപക്ഷവും ദിലീപിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയരാവുകയാണ്. ഇടതുപക്ഷ എംപിയും എംഎല്‍എമാരും ലളിത കലാ അക്കാദമി പ്രസിഡണ്ടുമെല്ലാം ദിലീപ് പക്ഷക്കാരാണ്.
മുകേഷിനും ഗണേഷിനും ഇന്നസെന്റിനുമൊപ്പം ലളിത കലാ അക്കാദമി പ്രസിഡണ്ടായ കെപിഎസി ലളിതയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. നേരത്തെ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചും കെപിഎസി ലളിത പഴി കേട്ടിരുന്നു.

പ്രതികരണവുമായി കെപിഎസി ലളിത
എഎംഎംഎയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍ നേരത്തെ കെപിഎസി ലളിത തയ്യാറായിരുന്നില്ല. പ്രതികരണം തേടിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഒരര്‍ത്ഥത്തില്‍ ആട്ടിപ്പായിക്കുക തന്നെയാണ് കെപിഎസി ലളിത ചെയ്തത്. എന്നാല്‍ വിവാദങ്ങള്‍ ചെറുതായൊന്ന് കെട്ടടങ്ങിയപ്പോള്‍ കെപിഎസി ലളിത പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമത്തോടാണ് കെപിഎസി ലളിതയുടെ പ്രതികരണം.

ദിലീപിനെ കണ്ടത് ആഘോഷിച്ചു
ദിലീപിനെ താന്‍ ജയിലില്‍ പോയി കണ്ടത് എല്ലാവരും കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെയും താന്‍ പോയി കണ്ടിരുന്നു എന്നതിനെക്കുറിച്ച് ആരും ഒരു ചോദ്യവും ചോദിച്ചില്ലെന്ന് കെപിഎസി ലളിത പറയുന്നു. രമ്യാ നമ്പീശന്റെ വീട്ടില്‍ വെച്ചാണ് നടിയെ കണ്ടത്. അന്ന് അവളോട് ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.

തന്നോട് ആരും ഒന്നും ചോദിച്ചില്ല
എന്തെല്ലാമോ പറഞ്ഞ് അവള്‍ തന്റെ മുന്നിലിരുന്ന് കരഞ്ഞു. അവിടെയപ്പോള്‍ സയനോരയും അനുമോളും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള പല പ്രമുഖരും വന്ന ദിവസമാണ് താനും നടിയെ പോയിക്കണ്ടത്. എന്നാല്‍ അതേക്കുറിച്ച് മാത്രം ആരും ഒന്നും തന്നോട് ചോദിക്കുകയുണ്ടായില്ല. താനൊന്നും പറഞ്ഞതുമില്ല.

തെറ്റുകാരനാണോ എന്നറിയില്ല
നല്ല കാര്യം ചെയ്താല്‍ അത് ആരും അറിയില്ല എന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ജയിലിലായ ദിലീപിനെ താന്‍ ചെന്ന് കണ്ടത്. അത് അപ്പോള്‍ വലിയ കുറ്റമായി പ്രചരിപ്പിക്കപ്പെട്ടു. ഈ കേസില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കെപിഎസി ലളിത പറയുന്നു.

തനിക്കുണ്ടായത് സമാന അനുഭവമല്ല
എന്നാല്‍ തന്റെ മനസാക്ഷി പറഞ്ഞതിന് അനുസരിച്ചാണ് അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. നടിക്ക് സംഭവിച്ചത് പോലെ സിനിമാ രംഗത്ത് നിന്നും സമാനമായ അനുഭവം അല്ല തനിക്ക് ഉണ്ടായതെന്നും രണ്ടും തമ്മില്‍ സാമ്യമില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. ദിലീപ് തനിക്ക് മകനെ പോലെ ആണെന്നും കൂടിക്കാഴ്ച വ്യക്തിപരമാണ് എന്നുമാണ് നടനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അന്ന് ലളിത പ്രതികരിച്ചത്.

കമലിന് വിമർശനം
താരസംഘടന കലാകാരന്മാര്‍ക്ക് നല്‍കുന്ന ധനസഹായമായ കൈനീട്ടത്തെ സംവിധായകന്‍ കമല്‍ പരിഹസിച്ചത് ശരിയായില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. എന്നാല്‍ കമലിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും കെപിഎസി ലൡത വ്യക്തമാക്കി. മധു അടക്കമുള്ളവര്‍ അമ്മയുടെ കൈനീട്ടം വാങ്ങുന്നത് ദാരിദ്ര്യം കൊണ്ടല്ല. എന്നാല്‍ അതുകൊണ്ട് ജീവിക്കുന്നവരും ഉണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു.

ജനാധിപത്യ വിരുദ്ധ സംഘടന
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കഴിഞ്ഞ ദിവസം കമൽ താരസംഘടനയ്ക്കെതിരെ തുറന്നടിച്ചത്. എഎംഎംഎ ജനാധിപത്യ വിരുദ്ധ സംഘടനയാണ് അത്തരമൊരു സംഘടനയില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍. താരസംഘടനയില്‍ നിന്നും രാജി വെച്ച നാല് പെണ്‍കുട്ടികളുടേത് ധീരമായ നിലപാടാണ്. അവരെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കമല്‍ അഭിപ്രായപ്പെട്ടു.

ഔദാര്യത്തിന് കാത്ത് നിൽക്കുന്നവർ
താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് പലരും തന്നോട് ചോദിച്ചിരുന്നു. പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് ബോധ്യമുള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ആ സംഘടനയിലെ നിര്‍ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നത് തന്റെ 35 വര്‍ഷത്തെ സംവിധായക ജീവിതത്തിലെ അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞതാണെന്നും കമല്‍ വ്യക്തമാക്കി. സംഘടനയിലെ ഭൂരിപക്ഷം പേരും ഔദാര്യത്തിന് കാത്ത് നിൽക്കുന്നവരാണ് എന്ന് കമൽ പറഞ്ഞതാണ് വിവാദമായത്.












Click it and Unblock the Notifications