'മതപരമായ കാരണങ്ങളാൽ വന്ദേമാതരം ആലപിക്കാത്തവര്‍ക്കെതിരെ ക്രിമിനൽ നടപടി പാടില്ല';സുപ്രീം കോടതി
വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന നിർദേശത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് മറുപടി തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. മതേതര സ്വഭാവത്തിന് വിരുദ്ധമായതിനാൽ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ബന്ധിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംഗീതജ്ഞന്‍ ടി എം കൃഷ്ണ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വന്ദേമാതരം ദേശീയഗാനമാക്കിയത് റദ്ദാക്കണമെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഏതായിരിക്കണം ദേശീയ ഗാനം എന്ന് തീരുമാനിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലെന്ന് ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. അതേസമയം മതപരമായ കാരണങ്ങളാൽ വന്ദേമാതരം ആലപിക്കാത്തവര്‍ക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

വന്ദേമാതരത്തിന്റ ആദ്യ രണ്ട് വരികൾ രാജ്യത്തെ പ്രകീര്‍ത്തിക്കുന്നതാണെങ്കിലും അവസാനത്തെ ആറ് വരികളും ഹിന്ദു ദൈവങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണെന്നാണ് ടിഎം കൃഷ്ണ ഹർജിയിൽ പറഞ്ഞത്. ദുർഗ, ലക്ഷ്മി, സരസ്വതി എന്നിങ്ങനെ ഹിന്ദുമതത്തിലെ ദൈവങ്ങളെയാണ് വരികളിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വരികൾ പാടാൻ നിർബന്ധിക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ് എന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്.
ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ഭേദഗതിയെ ടിഎം കൃഷ്ണയുടെ അഭിഭാഷകനായ ഡോ എസ് മുരളീധർ ചോദ്യം ചെയ്തു. ഭേദഗതിയിൽ 'ദേശീയ ഗാനം'എന്താണെന്ന് കൃത്യമായി നിർവ്വചിച്ചിട്ടില്ലെന്നും ഇത് ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഓഫീസ് മെമ്മൊറാണ്ടം മന്ത്രാലയം ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പൊതുചർച്ചകൾക്ക് പോലും ഇടം നൽകാതെയാണ് സർക്കാർ ഭേദഗതി തിടുക്കപ്പെട്ട് പാസാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ നക്സലൈറ്റുകളുടെ താത്പര്യം അനുസരിച്ച് നിയമം ഉണ്ടാക്കാനാകില്ലെന്നായിരുന്നു ഇതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം. അതേസമയം നെക്സലേറ്റ് എന്ന പരാമർശം ഉടൻ തന്നെ പിൻവലിക്കണമെന്നും സോളിസിറ്റർ ജനറലിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മുരളീധർ ഇടപെട്ടു. സഭ പാസാക്കിയ ഭേദഗതിയെ ബഹുമാനിക്കാത്തവരെയാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ഇതോടെ തുഷാർ മേഹ്ത്തയുടെ വാദം. ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് നൽകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നോട്ടീസ് നൽകുന്നത് അനാവശ്യ ചർച്ചയ്ക്ക് വഴവെക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്താക്കി.
'ഏതാണ് ദേശീയഗാനം എന്നത് സംബന്ധിച്ച് ഇവിടെ തർക്കില്ല. ദേശീയഗീതം എന്തായാരിക്കണമെന്നും എത്ര വരി പാടണമെന്നുമൊക്കെ കേന്ദ്രസർക്കാരിൻ്റെ തീരുമാനം ആയിരിക്കം. എന്നാൽ പാടാൻ വിസമ്മതിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടിയിലേക്ക് പോകരുത്', കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജുലൈയിലാണ് വന്ദേമാതരം 'ദേശീയ ബഹുമതി അനാദരവ് നിയമഭേദഗതി പാർലമെൻ്റ് പാസാക്കിയത്. വന്ദേ മാതരം ആലാപനം തടസ്സപ്പെടുത്തുക, ആലാപനം നടക്കുന്ന സദസ്സിൽ അനാദരവോടെ പെരുമാറുക, വന്ദേ മാതരം ആലപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുക, വന്ദേ മാതരത്തെ ബോധപൂർവം അപമാനിക്കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യമായിട്ടാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications
