തെളിവ് എവിടെ? സുരേഷ് ഗോപി ശുദ്ധന്‍; കേസെടുക്കില്ലെന്ന് പോലീസ്, വിടില്ലെന്ന് പ്രതാപന്‍
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലും ചേര്‍ത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ശാസ്തമംഗലത്ത് വോട്ടുള്ള വേളയില്‍ തന്നെയാണ് തൃശൂരിലും വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. ഇവര്‍ നല്‍കിയ വിലാസത്തിലുള്ള വീട് പിന്നീട് മറ്റൊരാള്‍ക്ക് വിറ്റുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സുരേഷ് ഗോപിക്കെതിരെ വിഷയത്തില്‍ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. മുന്‍ എംപി ടിഎന്‍ പ്രതാപന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വ്യാജ സത്യവാങ്മൂലം നല്‍കി എന്നായിരുന്നു ടിഎന്‍ പ്രതാപന്‍ പരാതിയില്‍ ഉന്നയിച്ച പ്രധാന കാര്യം. എന്നാല്‍ കേസെടുക്കാന്‍ സാധിക്കില്ല എന്നാണ് പോലീസ് ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്.

സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തത് വ്യാജ രേഖ ചമച്ചുകൊണ്ടാണ്, വ്യാജ സത്യവാങ്മൂലം നല്‍കി എന്നതായിരുന്നു ടിഎന്‍ പ്രതാപന്റെ പരാതി. ഇക്കാര്യത്തില്‍ സിറ്റി പോലീസ് കമ്മീണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് കേസെടുക്കാന്‍ സാധിക്കില്ല എന്ന നിലപാട് എടുത്തിരിക്കുന്നത്.
പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ലഭിച്ചില്ല എന്നതാണത്രെ പോലീസ് ചൂണ്ടിക്കാട്ടുന്ന കാര്യം. മാത്രമല്ല, വോട്ട് ചേര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ഉന്നയിക്കേണ്ടതെന്നും പോലീസ് പറയുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പോലീസിന് അന്വേഷിക്കാന്‍ സാധിക്കില്ലെന്നുമാണ് നിലപാട്.
സുരേഷ് ഗോപി മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബം, സഹോദരന്റെ കുടുംബം, ഡ്രൈവര്‍ എന്നിവര്‍ക്കെല്ലാം തൃശൂരിലും സ്വന്തം നാട്ടിലും വോട്ടുണ്ട് എന്ന് തെളിവ് സഹിതം കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം ചെയ്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.
ടിഎന്‍ പ്രതാപന്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. അദ്ദേഹം കോടതിയെ സമീപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വ്യാജ സത്യവാങ്മൂലം നല്‍കിയത് ക്രിമിനല്‍ കുറ്റമാണ്. വെറും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം പരിധിയില്‍ വരുന്ന കാര്യമല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. വിഷയത്തില്‍ തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരണവുമായി രംഗത്തുവന്നു.
വ്യാജ സത്യവാങ്മൂലം നല്‍കി എന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കേണ്ടതല്ലെന്നും പോലീസ് അന്വേഷിക്കേണ്ടതാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ശാസ്തമംഗലത്ത് വോട്ടുണ്ടായിട്ടും തൃശൂരില്‍ വോട്ട് ചേര്‍ത്ത കാര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കേണ്ടത് എന്നും രാഷ്ട്രീയ നൈതികതയുടെ പ്രശ്‌നം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ പ്രതികരണം വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ജോസഫ് ടാജറ്റ് അറിയിച്ചു.












Click it and Unblock the Notifications