എല്‍ജെഡി ആർജെഡിയില്‍ ലയിക്കും: പ്രഖ്യാപനം ഉടന്‍, മുന്നണി മാറേണ്ടി വരുമോ, തേജ്വസി അന്ന് പറഞ്ഞത്
കോഴിക്കോട്: എംവി ശ്രേയംസ് കുമാർ നേതൃത്വം നല്‍കുന്ന എല്‍ജെഡി ആർജെഡിയുമായി ലയിക്കും. കോഴിക്കോട് ചേർന്ന പാർട്ട സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ജെഡിഎസുമായി ലയിക്കാന്‍ പാർട്ടി ആലോചിച്ചിരുന്നു. ഇരുപാർട്ടി നേതാക്കളുമായി പലതവണ ലയന ചർച്ചകളും നടത്തി. ഒടുവില്‍ ഇരുപാർട്ടികളും ലയനത്തിലേക്കെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ലയന ചർച്ചകള്‍ മുന്നോട്ട് പോയില്ല.
കർണാടകയിലും ദേശീയ തലത്തിലും ജെഡിഎസ് സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എല്‍ജെഡിയിലെ വലിയൊരു വിഭാഗം ജെഡിഎസ് ലയനത്തെ എതിർക്കുകയായിരുന്നു. ഇതോടെയാണ് ആർജെഡിയുമായുള്ള ചർച്ചകള്‍ ആരംഭിച്ചത്. ആർജെഡി ദേശീയ നേതൃത്വം പച്ചക്കൊടി വീശിയതോടെ സംസ്ഥാന സമിതി യോഗം ലയനത്തിന് അംഗീകാരം നല്‍കി.

ലയന പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ആർജെഡിയുമായി ഒത്തുചേർന്ന് പോകുമെന്ന് യോഗശേഷം എൽജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയംസ് കുമാർ അറിയിച്ചു. തുടക്കത്തില്‍ ആർജെഡി സംസ്ഥാന നേതൃത്വം ലയനത്തില്‍ എതിർപ്പുന്നയിച്ചിരുന്നു. പിന്നീട് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവുമായ തേജസ്വി യാദവ് കേരളത്തിലെത്തിയപ്പോള്‍ നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കേരളത്തില്‍ യുഡിഎഫുമായി ചേർന്നാണ് ആർജെഡി പ്രവർത്തിക്കുന്നത്. എൽ ജെ ഡിയും ആർ ജെ ഡിയും ദേശീയ തലത്തിൽ ലയിച്ചതാണെന്നുമായിരുന്നു ആർജെഡി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. അതിനാല്‍ തന്നെ ഇനിയൊരു ലയനത്തിന് പ്രസക്തിയില്ല, മാത്രവുമല്ല കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ യുഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അനു ചാക്കോ നേരത്തെ രംഗത്ത് വന്നിരുന്നു.
കെ പി മോഹനൻ തങ്ങളുടെ എംഎൽഎ ആണെന്നാണ് ആർജെഡിയുടെ അവകാശ വാദം. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ കെപി മോഹന്‍ ആർജെഡിയുടെ എംഎൽഎ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർജെഡി സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെപി മോഹനനും യുഡിഎഫിന്‍റെ ഭാഗമായി പ്രവർത്തിക്കണം. അതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും അനു ചാക്കോ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുന്നണി ഏത് വേണമെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നാണ് തേജസ്വി വ്യക്തമാക്കിയത്.












Click it and Unblock the Notifications