ഇനി സവാള വില കരയക്കില്ല; വില പിടിച്ചുകെട്ടാൻ അടിയന്തര നീക്കം..കിലോ 35 രൂപ നിരക്കിൽ വിൽക്കും
സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ്. 100 ടൺ സവാള വിപണിയിലെത്തിക്കും. കിലോയ്ക്ക് 35 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് - സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനൊപ്പം സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര തീരുമാനം കൈക്കൊണ്ടത്.
നാഷണൽ കോ - ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ സി സി എഫ്) വഴിയാണ് സവാള സംഭരിച്ച് വിപണിയിലെത്തിക്കുക. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 രൂപ മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും. നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായിട്ടുള്ളത്. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കും. ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി പറഞ്ഞു.

ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്‌ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞിരുന്നു. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി വിശദീകരിച്ചു.


Click it and Unblock the Notifications