പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം വേണ്ട, വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും; സര്‍ക്കാരിന് വിദഗ്ധ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം നിര്‍മിക്കാനുള്ള ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ തള്ളി സര്‍ക്കാര്‍ നിയോഗിച്ച സമിതി. പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം നിര്‍മിക്കുന്നതിനായി നഗര പരിധിയില്‍ സ്ഥലം കണ്ടെത്തുന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും എന്നാണ് ശെന്തില്‍ ഐ എ എസ് അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍.
സ്ഥലപരിമിതി ചൂണ്ടിക്കാട്ടി പാളയത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥലം കണ്ടെത്തി സെക്രട്ടറിയേറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം എന്നായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കേണ്ടതില്ല എന്നാണ് സമിതിയുടെ നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സെക്രട്ടറിയേറ്റിന്റെ പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തുമ്പോള്‍ സ്വാഭാവികമായും ആ സ്ഥലത്തെ മിനി ടൗണ്‍ഷിപ്പായി വികസിപ്പിക്കേണ്ടി വരും എന്ന് സമിതി ചൂണ്ടിക്കാട്ടി. അപ്പോള്‍ ക്വാര്‍ട്ടേഴ്‌സുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യമൊരുക്കേണ്ടി വരും. എന്നാല്‍ ഇതിന് നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും എന്ന് സമിതി പറഞ്ഞു. നിലവിലെ കെട്ടിടം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സമഗ്രമായ റീ മോഡലിംഗ് പ്രവൃത്തികള്‍ ചെയ്യണം എന്നും സമിതി ശുപാര്‍ശ ചെയ്തു.
പൈതൃകം ഉറപ്പാക്കി ശാസ്ത്രീയമായി റീ മോഡലിംഗ് ചെയ്താല്‍ സെക്രട്ടറിയേറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരില്ല എന്നും പൈതൃക മന്ദിരങ്ങള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്ന ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തണം എന്നും സമിതി വ്യക്തമാക്കി. നിയമസഭയില്‍ നിന്ന് വളരെ അകലെയായി സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രയാസം സൃഷ്ടിക്കും എന്നും സമിതി ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റില്‍ ഏക ഫയല്‍ സംവിധാനം നടപ്പിലാക്കണം എന്നും ഏത് വകുപ്പില്‍ നിന്നാണോ ഫയല്‍ രൂപീകരിക്കുന്നത് ആ ഫയലില്‍തന്നെ അഭിപ്രായം എഴുതാന്‍ അഭിപ്രായം നല്‍കേണ്ട വകുപ്പുകള്‍ തയാറാകണം എന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മന്ത്രിസഭാ യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കാബിനറ്റ് സെക്രട്ടേറിയറ്റ് എന്ന് പുനര്‍നാമകരണം ചെയ്യണം എന്നും നിര്‍ദേശമുണ്ട്.
നിയമനങ്ങളിലും സമിതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. താഴെയുള്ള തസ്തികകളില്‍ നിന്നും അസിസ്റ്റന്റ് ആയി മാറാന്‍ മത്സര പരീക്ഷ നിര്‍ബന്ധമാക്കണം എന്നും സെക്ഷന്‍ ഓഫിസര്‍ തസ്തികയില്‍ നിന്നും അണ്ടര്‍ സെക്രട്ടറി ആകണമെങ്കില്‍ മത്സര പരീക്ഷ പാസാകണം എന്നും നിര്‍ദേശമുണ്ട്. ഡൈയിങ് ഇന്‍ ഹാര്‍നെസ്സ്, സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം വഴി വരുന്നവരും പ്രോബെഷന്‍ ഡിക്ലര്‍ ചെയ്യാന്‍ പരീക്ഷ പാസാകണം എന്നും സമിതി പറയുന്നു.
സ്‌പെഷല്‍ സെക്രട്ടറി തസ്തികയിലേക്ക് മത്സര പരീക്ഷയും ഇന്റര്‍വ്യും നടത്തി മാത്രമായിരിക്കണം നിയമനം നടത്തേണ്ടത്. ഇതുവരെയുള്ള സെക്രട്ടറിയറ്റ് പരിഷ്‌കാര റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാതെ ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്ന സാഹചര്യമുണ്ട്. അതിനാല്‍ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം.












Click it and Unblock the Notifications