മുന്നണിമാറ്റം പൊളിറ്റിക്കല്‍ ഗോസിപ്പെന്ന് ജോസ് കെ മാണി; രാജ്യസഭാ സീറ്റില്‍ നിന്ന് പിന്നോട്ടില്ല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമെന്ന പ്രചരണം വെറും പൊളിറ്റിക്കല്‍ ഗോസിപ്പ് മാത്രമാണ് എന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും. ജയപരാജയം നോക്കി മുന്നണി മാറില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെടുമ്പോഴേക്ക് മുന്നണി മാറുന്ന രീതി സ്വീകരിക്കില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മുന്നണിയുടേയോ കരുത്ത് മാത്രമല്ല ജയങ്ങള്‍ തീരുമാനിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യങ്ങള്‍. ആ ജനവിധിയെ മാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എല്‍ഡിഎഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത് എന്നും രാഷ്ട്രീയ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോ മറ്റേതെങ്കിലും മുന്നണിയോ ഇതുവരെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്തെ തോല്‍വി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ ഗോസിപ്പുണ്ടാക്കി ചര്‍ച്ച കൊണ്ടുവരാനുള്ള മാധ്യമങ്ങളുടെ ശ്രമമായേ അതിനെ കാണേണ്ടതുള്ളു.
അതിന്റെ പേരില്‍ അത്തരം മാധ്യമങ്ങള്‍ക്ക് വ്യൂസും റീഡര്‍ഷിപ്പും കൂടുന്നുവെങ്കില്‍ കൂടിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നത്തെ ചര്‍ച്ചയില്‍ സിപിഎം നേതാക്കളോട് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് ജോസ് കെ മാണി സമ്മതിച്ചു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട് എന്നും അതിന് ശേഷം ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. രാജ്യസഭാ സീറ്റിന് പകരം മറ്റേതെങ്കിലും പദവി നല്‍കാമെന്ന് പറഞ്ഞിട്ടില്ല എന്നും അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. 'എന്തുകൊണ്ടാണ് രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണ്ടതെന്നും എങ്ങനെയാണ് തങ്ങളതിന് അര്‍ഹരാകുന്നത് എന്നുമൊക്കെ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
അതേസമയം എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്നിനായി കേരള കോണ്‍ഗ്രസ് എമ്മിനെ കൂടാതെ സിപിഐ, ആര്‍ജെഡി എന്നീ കക്ഷികളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു സീറ്റില്‍ സിപിഎം ആണ് മത്സരിക്കുക. ജൂലൈ ഒന്നിന് മൂന്ന് രാജ്യസഭ സീറ്റുകളാണ് ഒഴിയുന്നത്. മൂന്നും എല്‍ഡിഎഫിന്റെ സീറ്റാണെങ്കിലും നിലവിലെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റാണ് ജയിക്കാന്‍ കഴിയുക.
സിപിഎമ്മിന്റെ എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കാനിരിക്കുന്നത്. മുന്നണയിലെ രണ്ടാമത്തെ ഘടകകക്ഷി എന്ന നിലയില്‍ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണം എന്നാണ് സിപിഐയുടെ ആവശ്യം. എന്നാല്‍ ലോക്‌സഭയിലും രാജ്യസഭയിലും മന്ത്രിസഭയിലും പാര്‍ട്ടിക്ക് പ്രധാനിധ്യമില്ലാത്തതിനാല്‍ സീറ്റ് തങ്ങള്‍ക്ക് വേണം എന്നാണ് ആര്‍ജെഡി പറയുന്നത്.












Click it and Unblock the Notifications