സംസ്ഥാനത്തിന് അധികാരമില്ല, അനാവശ്യമായി കൈകടത്തരുത്; വാസുകിയുടെ നിയമനത്തിൽ കേരളത്തിന് മുന്നറിയിപ്പ്
ഡല്‍ഹി: വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ എ എസിനെ നിയമിച്ച കേരള സർക്കാർ നടപടിയിൽ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകൾ തങ്ങളുടെ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യങ്ങൾ സംസ്ഥാനത്തിൻ്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര സർക്കാരിൻ്റെ മാത്രം അവകാശമാണ്. ഇത് കൺകറൻ്റ് ലിസ്റ്റിൽ ഇല്ല.

ജൂലൈ 15 നാണ് കെ വാസുകിയ വിദേശ കാര്യ സെക്രട്ടറിയായി നിയമിച്ച് കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതലയാണ് വാസുകിക്ക് നൽകിയത്. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനേയോ ആണ് സാധാരണ ഇത്തരം ചുമതലകളിൽ നിയമിക്കാറുള്ളത്. ഒരു ഐ എ എസ് ഉദ്യോഗസ്ഥയെ ഇത്തരത്തിൽ നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
ശശി തരൂർ എംപിയും സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ചിരുന്നു. വിദേശകാര്യം ഭരണഘടനാപരമായി കേന്ദ്രസർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നായിരുന്നു തരൂർ പ്രതികരിച്ചത്. 'അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് കേരള സർക്കാർ പറയുന്നത്.കേരളത്തിലെ പ്രവാസികൾ വളരെ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് ശരിയാണ്. എന്നാൽ വിദേശകാര്യം സംസ്ഥാന സർക്കാരന് ചിന്തിക്കാൻ പോലും കഴിയില്ല അത് കേന്ദ്രസർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്.












Click it and Unblock the Notifications