സരിതയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാനാവില്ല
തിരുവനന്തപുരം: സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിത ചെലവാക്കിയ ലക്ഷക്കണക്കിന് രൂപ എവിടെ നിന്നു ലഭിച്ചുവെന്ന് അന്വേഷിക്കാനാവില്ലെന്ന് പോലിസ്.
വ്യക്തിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കേണ്ട ചുമതല ആദായനികുതി വകുപ്പിന്റെതാണ്. അതല്ലെങ്കില്‍ ഏതെങ്കിലും തെറ്റായ രീതിയിലാണ് പണമുണ്ടാക്കിയതെന്ന് തെളിയിക്കാന്‍ സാധിക്കണം. എന്നാല്‍ സംസ്ഥാന പോലിസിന് ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സാധിക്കും-ഇതാണ് ഇക്കാര്യത്തില്‍ പോലിസ് കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം.
39 കോടതികളിലായി 46 കേസുകളാണ് സരിതയ്ക്കെതിരേ ഉണ്ടായിരുന്നത്. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ അന്വേഷിച്ചിരുന്നത്. കേസുകള്‍ ഒത്തുതീര്‍പ്പാന്‍ 12.85 ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയതെന്നാണ് സരിതയുടെ അഭിഭാഷകന് പറയുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം തിരിച്ചു നല്കിയാല് പരാതി പിന്‍വലിക്കാനാകും. ഒത്തുതീര്‍പ്പിനായി സരിത തെറ്റായ രീതിയില്‍ പണമുണ്ടാക്കിയെന്ന് തെളിയിക്കാന്‍ പോലിസിനു സാധിക്കുകയുമില്ല. കാരണം ഈ കാലയളവില്‍ സരിത ജയില്‍ വാസത്തിലായിരുന്നു. സരിതയ്ക്ക് പണം വന്ന സ്രോതസ്സ് അന്വേഷിക്കാനാകില്ലെന്ന് സംസ്ഥാന പോലിസ് ഇതിനകം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.