ആശങ്ക മാറി; ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍ഡിഎഫിന്റെ ആരോപണം തള്ളി ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ട സൂക്ഷ്മ പരിശോധനയില്‍ ഒരു സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ സത്യവാങ്മൂലം ഇല്ലെന്ന് ഇടത് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. രണ്ടാം ദിവസം പരിശോധനയില്‍ കൃത്രിമം കാണിച്ച് സത്യവാങ്മൂലം പത്രികയോടൊപ്പം വച്ചു എന്നായിരുന്നു അടുത്ത ആരോപണം. തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരെ സ്വാധീനിച്ചാണ് ഇത് ചെയ്തതെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പത്രികയില്‍ തിരുകിക്കയറ്റല്‍ ഒന്നും നടന്നിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു. പത്രിക തന്റെ കയ്യില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പത്രിക പരിശോധിച്ചത് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
സത്യവാങ്മൂലത്തിലെ മുദ്രപ്പത്രത്തില്‍ സീരിയല്‍ നമ്പര്‍ ഇല്ലെന്ന ആരോപണവും എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സത്യവാങ്മൂലം തയ്യാറാക്കിയ നോട്ടറിയുടെ രജിസ്റ്റര്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇത് പ്രശ്‌നമല്ലെന്നാണ് ഇപ്പോള്‍ കളക്ടര്‍ പറയുന്നത്. നോട്ടറിയുടെ രജിസ്‌ട്രേഷന്‍ നമ്പറോ, സീരിയല്‍ നമ്പറോ ഇല്ലെങ്കിലും പത്രിക സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. സമാനമായ പ്രശ്‌നങ്ങളോടെ പത്രിക സമര്‍പ്പിച്ച എ സമ്പത്തിന്റെ അപരന്റെ പത്രികയും സ്വീകരിച്ചു.












Click it and Unblock the Notifications