ഉണ്ണിത്താനെ തള്ളിയും മുരളീധരനെ ഉള്‍ക്കൊണ്ടും ചെന്നിത്തല; കോണ്‍ഗ്രസ് എങ്ങോട്ട്?
ഉണ്ണിത്താനെ തളളിയ ചെന്നിത്തല കെ മുരളീധരനെ സ്വീകരിച്ചു. കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും ചാനലില്‍ കാണുന്നത മൈക്ക് കാണുമ്പോള്‍ ചിലര്‍ പറഞ്ഞു പോകുന്നത്.
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഡിസിസി പുനസംഘടനയോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമായി. നേതാക്കന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പരസ്പരം വിഴുപ്പലക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ കോമാളിയായി.
ഏറ്റവും ഒടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ തെരുവില്‍ കൈയേറ്റം ചെയ്യുന്നതുവരെയെത്തി കാര്യങ്ങള്‍. കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായ കെ മുരളീധരന്റെ വിമര്‍ശനത്തെ പ്രതിരോധിക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒടുവില്‍ പുലിവാലു പിടിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാഗ്‌വാദങ്ങള്‍ വ്യക്തി ഹത്യവരെയെത്തിയിട്ടും ചുമതലപ്പെട്ട നേതാക്കള്‍ മൗനം പാലിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കെതിരെ കെ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനത്തെ താന്‍ പോസിറ്റീവായി കാണുന്നുവെന്നും മുരളീധരന്‍ നടത്തിയത് ആത്മവിമര്‍ശനമാണെന്നുമായിരുന്നു ഇതിനോട് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് പറയുന്ന ചെന്നിത്തല ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ മൈക്ക് കാണുമ്പോള്‍ ചിലര്‍ പറഞ്ഞു പോകുന്നത് എന്ന നിലയില്‍ ലഘൂകരിക്കുന്നു.

ഉണ്ണിത്താന് മുരളീധരന്‍ പോരില്‍ ഇരുവര്‍ക്കും പിന്നില്‍ മറ്റാരോ ഉണ്ടെന്ന് ഇരുവരും ആരോപിക്കുന്നു. പിന്നിലൊരാളുടെ സാന്നിധ്യം രാഷ്ട്രീയ കേരളം തിരിച്ചറിയുന്നുണ്ട്. അത് ആരാണെന്നു മാത്രമെ ഇനി അറിയേണ്ടതുള്ളു.

മൊത്തം കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായ വിമര്‍ശനമായിരുന്നു മുരളീധരന്റെ ഭാഗത്തു നിന്നും ഉണ്ടായതെങ്കിലും അത് ഉന്നം വച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഇതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ മുരളീധരന്റെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിന് പകരം സ്വീകരിക്കുകയാണ് ചെന്നിത്തല ചെയ്തത്.

പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനത്തെ പ്രതിരോധിക്കാനാണ് കെപിസിസി വക്താവ് എന്ന നിലയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗോദായിലേക്കിറങ്ങിയത്. എന്നാല്‍ തൊട്ടതെല്ലാം അബദ്ധമായി മാറുകയായിരുന്നു. പ്രതിരോധിക്കാന്‍ ഇറങ്ങിയ ഉണ്ണിത്താന്‍ മുരളീധരെതിരെ വ്യക്തി പരമായ അധിക്ഷേപം വരെ നടത്തി. വാക്കുകള്‍ പോരടിച്ചപ്പോള്‍ വാദപ്രതിവാദം സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു.

സംഭവം വിവാദമായതോടെ പെരുവഴിയിലായത് ഉണ്ണിത്താനാണ്. മുരളീധരന്റെ വിമര്‍ശനങ്ങളെ ഏറ്റെടുക്കാന്‍ ചെന്നിത്തല തയറായപ്പോള്‍ ഉണ്ണിത്താനുവേണ്ടി ആരെയും കണ്ടില്ല. ചെന്നിത്തല പോലും. ഇപ്പോഴത്തെ പ്രശ്‌നങ്ങളെ മൈക്ക് കണ്ടാല്‍ ചിലര്‍ പറയുന്നതെന്ന് പറഞ്ഞ് ലഘൂകരിച്ചെങ്കിലും അതിനെ ഉണ്ണിത്താനുള്ള ഒരു കൊട്ടായി വേണം കാണാന്‍.

പ്രശ്‌നം ഇത്രത്തോളം വഷളാകുന്നതു വരെ എന്തിനാണ് മൗനം അവലംബിച്ചത് എന്ന ചോദ്യം ബാക്കിയാകുന്നു.












Click it and Unblock the Notifications