യുഡിഎഫിൽ ഭിന്നതകളില്ല, വടകരയിലും കണ്ണൂരുമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കും: ചെന്നിത്തല
പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും മൂന്നണിയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരിയിലും കണ്ണൂരുമുണ്ടായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. വളരെ ചെരിയ പ്രശ്നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സുധാകരന്റേയും മുരളിധരന്റേയും പരസ്യപ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കണ്ണൂരിലെ അന്തൂരടക്കം സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കുന്നത് എതിര് കക്ഷികളെ ഭയപ്പെടുത്തുന്നതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരെയും ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ.റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി) യുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിംഗ്ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളുടെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നു.പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. മാത്രമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടുമില്ല.
കേന്ദ്രം അനുമതി നിഷേധിച്ചിട്ടും , ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും, അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ സര്‍വ്വ കക്ഷിയോഗം വിളിച്ച് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കണമെന്നും അതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാവൂ എന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു- ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്
വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് തിരിച്ചടിയാവുന്നു;മക്കരപറമ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്
ഇടത് കോട്ട പൊളിക്കാൻ രണ്ട് തവണ സഹായം, കല്ലാമലയെച്ചൊല്ലി മുല്ലപ്പളളി-ആർഎംപി ബന്ധത്തിൽ വിളളൽ