ദിലീപ് 3 തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയില്‍ അവ്യക്തത, വെറുതെവിട്ടത് ഇങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി വെറുതെവിട്ടത് എന്തുകൊണ്ട് എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചില സാക്ഷികളെ വിശ്വാസത്തിലെടുക്കാനും കോടതി തയ്യാറായില്ല.
നടിയെ ആക്രമിക്കുന്ന വേളയില്‍ പള്‍സര്‍ സുനി പറഞ്ഞ സ്ത്രീയെ കുറിച്ച് വിശദമായ അന്വേഷണം നടന്നില്ലെന്നത് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സുനി ജയിലില്‍ നിന്ന് അയച്ച കത്താണ് ദിലീപിനെ കേസില്‍ പ്രതിയാക്കാന്‍ കാരണം. പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കൃത്യത്തില്‍ പങ്കെടുത്ത ആറ് പേരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളും. പിന്നീടാണ് ദിലീപും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണ് എന്ന് പോലീസ് ആരോപിച്ചതും ദിലീപിനെ അറസ്റ്റ് ചെയ്തതും. എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി വിലയിരുത്തി.
ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ട് എന്ന് തെളിയിക്കാന്‍ സാധിട്ടില്ല. ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കി എന്ന വാദത്തിനും തെളിവില്ല. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലെത്തിയ പണം ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാനും സാധിച്ചില്ല. നാദിര്‍ഷ പള്‍സര്‍ സുനിക്ക് പണം നല്‍കിയതും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.
മുകേഷിന്റെ മൊഴിയില്‍ വ്യക്തത ഇല്ല
2015 നവംബര്‍ ഒന്നിന് തൃശൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിയെ കണ്ടിരുന്നു. ഈ വേളയില്‍ 10000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം ഒരു ലക്ഷം നല്‍കി. ഈ തുക സുനി അമ്മയുടെ അക്കൗണ്ടില്‍ ഇട്ടു. 2016 സെപ്തംബര്‍ 26ന് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ തൊടുപുഴയില്‍ വച്ച് 30000 രൂപ സുനിക്ക് നല്‍കി- ഇതായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍.
സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും അത് ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. മറ്റു വാദങ്ങള്‍ക്ക് തെളിവ് നല്‍കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ദിലീപിന് നടിയോട് വിരോധമുണ്ട് എന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ട് എന്ന് തെളിയിക്കാന്‍ മുകേഷ് ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി. സിനിമാ സെറ്റില്‍ പള്‍സര്‍ സുനി ദിവസവും വന്ന് പോകുകയാണ് ചെയ്തത് എന്ന് മുകേഷ് മൊഴി നല്‍കി. മറ്റു കാര്യങ്ങള്‍ ഓര്‍മയില്ല എന്നും മുകേഷ് മൊഴി നല്‍കി. മൊഴിയിലെ അവ്യക്തത പ്രോസിക്യൂഷന് തിരിച്ചടിയായി. ലക്ഷ്യയില്‍ പള്‍സര്‍ സുനി പോയതിന് ഹാജരാക്കിയ തെളിവ് പര്യാപതമല്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ തെളിവുകള്‍ പര്യാപ്തമാണെന്നും അവ മേല്‍ക്കോടതിയില്‍ ഹാജരാക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്.












Click it and Unblock the Notifications