വനിതാ പോലീസ് ഇല്ല; കെ എസ് യു നേതാക്കളെ കസ്റ്റഡിയിൽ എടുക്കാൻ അയൽവാസിയായ സ്ത്രീയുടെ സഹായം തേടി പോലീസ്
കണ്ണൂർ: കെ എസ് യു വനിതാ നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ അയൽവാസിയായ സ്ത്രീയുടെ സഹായം തേടി പോലീസ്. കണ്ണൂർ വിസിയുടെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.
ഇന്ന് ഉച്ചയ്‌ക്കാണ് കണ്ണൂര്‍ വിസി പ്രൊഫസർ രവീന്ദ്രൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. തുടർന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം വനിതാ പ്രവർത്തകർ തുടർന്നും പ്രതിഷേധം തീർത്തു. ഇവർ മുദ്രാവാക്യങ്ങൾ വിളിച്ച് വീടിന് മുൻപിൽ തന്നെ തുടർന്നു. വനിതാ പോലീസുകാർ ഇല്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിൽ എടുക്കാനായില്ല. ഇതോടെയാണ് പോലീസ് അയൽവാസിയായ സ്ത്രീയുടെ സഹയാം തേടിയത്.

അതേസമയം വിസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങികയാണ് കെ എസ് യു. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും യു ജി സി ചട്ടം പാലിക്കാതെയാണെന്ന് തെളിയിക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ ശുപാർശ ചെയ്ത സേർച് കമ്മിറ്റി, വി സി ആകാൻ യോഗ്യതയുള്ളവരുടെ പാനൽ സമർപ്പിക്കുന്നതിനു പകരം ഒരു പേര് മാത്രമാണ് നൽകിയത്. സർവകലാശാലയുമായി ബന്ധപ്പെട്ടവർ സേർച് കമ്മിറ്റി അംഗങ്ങളാകരുതെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ചട്ടലംഘനം ചൂണ്ടിക്കാട്ടി കണ്ണൂർ വിസി ഉൾപ്പെടെയുള്ള 9 വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടെങ്കിലും ആരും തന്നെ രാജുവെച്ചിട്ടില്ല. 'വിസി നിയമനവുമായി ബന്ധപ്പെട്ട് എന്റെ കേസ് ഇപ്പോൾ സുപ്രീം കോടതിയിലുണ്ടെന്നും കോടതിയുടെ ഉത്തരവിന് അനുസരിച്ച് നീങ്ങാമെന്നുമായിരുന്നു ഗവർണറുടെ ആവശ്യത്തോട് ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചത്.












Click it and Unblock the Notifications