കണ്ണൂര്‍ സിപിഎമ്മില്‍ ഇപി ജയരാജന്‍ ഒറ്റപ്പെടുന്നു; ഇനി മത്സരിച്ചേക്കില്ല
കണ്ണൂര്‍: പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി പി ജയരാജനെ ഒരിക്കല്‍ക്കൂടി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുമ്പോള്‍ കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷം ഇപിയെ ഒറ്റപ്പെടുത്തുന്നതായാണ് പാര്‍ട്ടിയില്‍ ചിലര്‍ പറയുന്നത്.
ഇപി ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നതിനെതിരെ പി ജയരാജന്‍ പരസ്യമായി എതിര്‍ത്തിരുന്നു. ഇപിയെ മന്ത്രിയാക്കുന്നതില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അനുകൂലിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയായെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. അടുത്തിടെ ഇപി ജയരാജന്‍ സംഘപരിവാര്‍ അനുകൂല പരാമര്‍ശം നടത്തിയതും പാര്‍ട്ടിയില്‍നിന്നും അകലാന്‍ കാരണമായതായാണ് സൂചന.

ഇപി ജയരാജനൊപ്പം ബന്ധുവും എംപിയുമായ പികെ ശ്രീമതി ടീച്ചറും പാര്‍ട്ടി നേതാക്കളുമായി അത്ര അടുപ്പത്തിലല്ല. ഇല്ലാ സമ്മേളനത്തിന്റെ പത്രക്കുറിപ്പില്‍ പേര് വിട്ടുപോയതിനെച്ചൊല്ലി സംസ്ഥാനസമിതിയംഗം എം.വി. ജയരാജന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശ്രീമതി ടീച്ചര്‍ മറുപടി പറഞ്ഞത് അണികളെപോലും നാണിപ്പിക്കുന്ന തരത്തിലാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലച്ചോറും ഹൃദയവുമാണ് കണ്ണൂരിലെ നേതാക്കളും പ്രവര്‍ത്തകരും. ജില്ലാ സമ്മേളനത്തിനെത്തിയ ആയിരക്കണക്കിന് സഖാക്കള്‍ അതിന് സാക്ഷ്യമാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വിഭാഗീയത ഉണ്ടായിരുന്നപ്പോഴും കണ്ണൂരില്‍ അത് പ്രകടമായിരുന്നില്ല. എന്നാലിപ്പോള്‍ വിഭാഗീയത കണ്ണൂരിലും പ്രകടമായത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും. അതേസമയം, പാര്‍ട്ടിയില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതോടെ ഇപി ജയരാജന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അത്രമാത്രം പാര്‍ട്ടിയില്‍നിന്നും അകന്നുകഴിഞ്ഞ ഇപി എംഎല്‍എസ്ഥാനം രാജിവെക്കാത്തത് മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications