നോക്കിയ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു; ഫോൺ വ്യാജനെന്ന് എച്ച്എംഡി ഗ്ലോബൽ...
പൊട്ടിത്തെറിയിൽ ഉമയുടെ കൈകാലുകളിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഭൂവനേശ്വർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പതിനെട്ട് വയസുകാരി കൊല്ലപ്പെട്ടു. ഒഡീഷയിലെ ഖേരിയകാനി സ്വദേശിനി ഉമ ഒറാമാണ് മരിച്ചത്. ചാർജിലിട്ടിരുന്ന മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം സംഭവിച്ചതെന്ന് ഉമയുടെ ബന്ധുക്കൾ പറഞ്ഞു.
പൊട്ടിത്തെറിയിൽ ഉമയുടെ കൈകാലുകളിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മാരകമായി പരിക്കേറ്റ ഉമയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊട്ടിത്തെറിച്ചത് നോക്കിയ 5233 മോഡൽ മൊബൈൽ ഫോൺ ആണെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പൊട്ടിത്തെറിച്ചത് തങ്ങൾ നിർമ്മിച്ച ഫോൺ അല്ലെന്നാണ് നോക്കിയ ബ്രാൻഡിൽ മൊബൈൽ ഫോൺ വിപണിയിലിറക്കുന്ന എച്ച്എംഡി ഗ്ലോബലിന്റെ വാദം.

നോക്കിയ ബ്രാൻഡിൽ വിപണിയിലിറങ്ങുന്ന വ്യാജനായിരിക്കാം പൊട്ടിത്തെറിച്ചതെന്നാണ് എച്ച്എംഡി ഗ്ലോബൽ വക്താവ് നൽകുന്ന സൂചന. തങ്ങൾ പുറത്തിറക്കുന്ന നോക്കിയ മൊബൈൽ ഫോണുകൾ ഗുണമേന്മയിൽ മികച്ചതാണെന്നും, ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയില്ലാത്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications